
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗികമായി പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജി വെച്ച് നരേന്ദ്രമോദി. രാഷ്ട്രപതി ഭവനിലെത്തിയ നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് നേരിട്ട് രാജി സമർപ്പിച്ചു. അതെസമയം ശനിയാഴ്‌ച എൻ.ഡി.എ സഖ്യകക്ഷിക്ക് കീഴിലുളള സർക്കാർ രുപീകരിക്കുമെന്ന് മോദി രാഷ്‌ട്രപതിയെ അറിയിച്ചു. സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ രാഷ്ട്രപതി അദ്ദേഹത്തോട് അഭ്യർഥിച്ചിട്ടുണ്ട്.
മൂന്നാം തവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌തു കൊണ്ട് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. ഇത് ജനാധിപത്യത്തിൻ്റെ വിജയമാണെന്നും മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണെന്നും ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയാൽ ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നുതവണ പ്രധാനമന്ത്രിയാകുന്ന നേതാവാകും മോദി.

2014ൽ 282 സീറ്റുകളായിരുന്നു ബി.ജെ.പി ഒറ്റയ്ക്ക് നേടിയിരുന്നത്. 2019ൽ ഇത് 303 ആയി ഉയർന്നു. എന്നാൽ ഇത്തവണ 240 സീറ്റുകൾ നേടാൻ മാത്രമേ ബി.ജെ.പിക്ക് സാധിച്ചുള്ളൂ. 272 എന്ന കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ 32 സീറ്റുകളുടെ കുറവ്. അത് കൊണ്ട് മൂന്നാം തവണ അധികാരത്തിക്ക് എത്താൻ എൻ.ഡി.എ സഖ്യ കക്ഷികളുടെ പിന്തുണ ബി.ജെ.പിക്ക് വേണ്ടിവരും.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ശനിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും എന്നാണ് സൂചന. രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്രമോദി, രാജ് നാഥ് സിങ് , അമിത് ഷാ എന്നിവർ രാഷ്ട്രപതി ഭവനിലെത്തിയതായും വിവരം. സർക്കാർ രൂപീകരിക്കാൻ ഘടകകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറും.

സർക്കാർ രൂപീകരണ ചർച്ചകൾക്കായി ജെ.ഡി.യു നേതവ് നിതീഷ് കുമാറും, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും ഡൽഹിയിൽ എത്തിയിട്ടുണ്ട്. സർക്കാർ രൂപീകരിക്കുമെന്ന് നിതീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍.ഡി.എ യോഗത്തില്‍ പവന്‍ കല്യാണും പങ്കെടുക്കും. എൻ.ഡി.എ എം.പിമാരുടെ യോഗം വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
ആറ് കേന്ദ്ര മന്ത്രി, സഹമന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെടാനാണ് ടി.ഡി.പിയുടെ തീരുമാനം. ആരോഗ്യം, കൃഷി, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങളാണ് ടി.ഡി.പി ലക്ഷ്യമിട്ടിരിക്കുന്നത്. അതേസമയം, ഇൻഡ്യ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസ് നിതീഷിനേയും നായിഡുവിനേയും മറുകണ്ടം ചാടിക്കാനുള്ള ശ്രമം തുടരുകയാണ്. ജെ.ഡി.യുവിനേയും ടി.ഡി.പിയേയും ഒപ്പം ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും നടത്തുന്നത്.
