
കാസർകോട്: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ വിദ്യാഭ്യാസരംഗത്ത് മികച്ച മാതൃകയായി മാറണമെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷണന്‍ പറഞ്ഞു. മെച്ചപ്പെട്ട പഠനവും മെച്ചപ്പെട്ട ആരോഗ്യവും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കണം. ആരോഗ്യമുള്ള തലമുറയായി അവരെ മാറ്റണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ കുട്ടികള്‍ക്കൂടി കടന്ന് വരണം.
അനൂകൂല്യങ്ങളെ കൂടാതെ അറിവും തൊഴിലും വരുമാനവും നേടാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കി സമൂഹത്തിൻ്റെ മുന്‍ നിരയില്‍ അവരെ എത്തിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍ (സി. ബി. എസ്.ഇ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡല്‍ റസിഡന്‍സി സ്‌കൂളുകള്‍ വെറുതെയല്ല എന്നതിന് തെളിവാണ് ഓരോ വര്‍ഷവും വരുന്ന എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷ ഫലങ്ങള്‍. നൂറു ശതമാനം വിജയമാണ് അവര്‍ കാഴ്ചവെയ്ക്കുന്നത്.

പാവപ്പെട്ട കുട്ടികള്‍ക്ക് പഠിച്ച് വരാനുള്ള സൗകര്യം മോഡല്‍ റസിഡന്‍സി സ്‌കൂളുകള്‍ ഒരുക്കുന്നു. ഒരേ സമയം നല്ല പഠനവും നല്ല സ്പോര്‍ട്സും നല്‍കാന്‍ ഈ സ്‌കൂളിന് സാധിക്കും. സ്‌കൂളില്‍ ചേരുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതിയടക്കം ഇവിടെ പരിശോധിക്കുന്നു. മാനസികാരോഗ്യമുള്ള മക്കളായി മാറാന്‍ ഈ കുട്ടികള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. കരിന്തളം ഇ.എം.ആര്‍.എസ്.എസ് പ്രിന്‍സിപ്പല്‍ കെ.വി.രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ എം. കുമാരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍, സഹകരണ നിക്ഷേപ ഫണ്ട് ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ. പി സതീഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുല്‍ റഹ്‌മാന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി.ചന്ദ്രന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.രാജന്‍, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, കെ.കെ.നാരായണന്‍, മുസ്തഫ തായന്നൂര്‍, നന്ദകുമാര്‍ വെള്ളരിക്കുണ്ട്, സംസ്ഥാന പട്ടികവര്‍ഗ്ഗ ഉപദേശക സമിതിയംഗങ്ങളായ ഒക്ലാവ് കൃഷ്ണന്‍ , എം.സി.മാധവന്‍, ഗോപി കുതിരക്കല്ല്, കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എം. മല്ലിക, പരപ്പ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ സി. ഹെറാള്‍ഡ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ സ്വാഗതവും പട്ടികവര്‍ഗ വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.കൃഷ്ണ പ്രകാശ് നന്ദിയും പറഞ്ഞു. ഏകലവ്യ യിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം വിളമ്പിയും കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചും മന്ത്രി കുട്ടികളെ ചേര്‍ത്തു നിര്‍ത്തി.
ഈ വര്‍ഷം ആരംഭിക്കുന്ന രണ്ടാമത്തെ സ്‌കൂളാണിത്. സി ബി എസ് ഇ സിലബസിലുള്ള സ്‌കൂളില്‍ ആറാം ക്ലാസിലേക്ക് 60 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. 12-ാം ക്ലാസുവരെ ഇവിടെ താമസിച്ച് പഠിക്കാം. കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ 10 ഏക്കര്‍ സ്ഥലം സ്‌കൂളിന് അനുവദിച്ചിട്ടുണ്ട്. ഇവിടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകും വരെ മടിക്കൈയില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കും.
സെലക്ഷന്‍ ട്രയല്‍സ് നടത്തി 30 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിട്ടുണ്ട്. അധ്യാപക – അനധ്യാപക ജീവനക്കാരെ നിയമിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനായ കെ.വി ധനേഷാണ് സ്‌കൂളിൻ്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍.
