
കുണ്ടംകുഴി / കാസർകോട്: സംസ്ഥാനത്തെ എല്ലാ പ്രീപ്രൈമറി സ്‌കൂളുകളും മാതൃകാ പ്രീപ്രൈമറികൾ ആകണമെന്നത് സർക്കാരിൻ്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വിദേശ രാജ്യങ്ങളിലേതുപോലെ ഉന്നത നിലവാരമുള്ള പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് ഉന്നത യോഗ്യതയുള്ള അധ്യാപകർ അനിവാര്യമാണ്.
പൊതുവിദ്യാലയങ്ങൾ നാടിൻ്റെ ഹൃദയ സ്‌പന്ദനമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ മോഡൽ പ്രീപ്രൈമറി സ്‌കൂൾ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.
പൊതുസമൂഹവുമായി ഉള്ള സ്‌കൂളിൻ്റെ ഹൃദയബന്ധം ആണ് പൊതുവിദ്യാലയം എന്ന വിശേഷണത്തിന് തന്നെ കാരണം. നാടിൻ്റെ ഏറ്റവും വലിയ പ്രത്യേകത സ്‌കൂളും പൊതുസമൂഹം തമ്മിലുള്ള ഈ ബന്ധം തന്നെയാണ്. സ്‌കൂളിൻ്റെ ഏത് ആവശ്യത്തിന് നാടും നാട്ടുകാരും അണിനിരക്കും. ഇത് പ്രളയ കാലത്തും കോവിഡ് കാലത്തും എല്ലാം നാം കണ്ടതാണ്. ആ കൂട്ടായ്‌മയാണ് കേരളത്തെ രാജ്യത്തിലെ മികച്ച മാതൃകയാക്കി മാറ്റിയത്.

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാൻ സർക്കാർ വേണ്ടതെല്ലാം ചെയ്യും. പൊതുവിദ്യാലയങ്ങളിൽ ചിലത് അടച്ചുപൂട്ടലിൻ്റെ വക്കിൽ എത്തിയ സന്ദർഭം ഉണ്ടായിരുന്നു. ആ സന്ദർഭത്തെ മറികടന്നത് ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും കൊണ്ടാണ്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൃത്യമായ ഊന്നൽ സർക്കാർ നൽകി. അതിന് ഫലവും ഉണ്ടായി. ആറുവർഷം കൊണ്ട് പത്തരലക്ഷം കുട്ടികളാണ് പുതുതായി പൊതുവിദ്യാഭ്യാസ ധാരയിലേക്ക് വന്നുചേർന്നത്.
പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്താനുള്ള എല്ലാവിധ പ്രവർത്തനങ്ങളും നടത്തും. അതിന് ഇനിയും പൊതുസമൂഹത്തിൻ്റെ പിന്തുണ വേണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പ്രീപ്രൈമറി സ്‌കൂളുകളും മാതൃകാ പ്രീപ്രൈമറികൾ ആകണം എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷാ കേരളമാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
