കേരളത്തിൽ ഏഴുകൊല്ലമായി മാതൃകാഭരണം; നോക്കുകൂലി അവസാനിപ്പിച്ചു, കെ- റെയിൽ യാഥാർത്ഥ്യമാകും: മുഖ്യമന്ത്രി

  • Post category:international / news
  • Reading time:1 min read
You are currently viewing കേരളത്തിൽ ഏഴുകൊല്ലമായി മാതൃകാഭരണം; നോക്കുകൂലി അവസാനിപ്പിച്ചു, കെ- റെയിൽ യാഥാർത്ഥ്യമാകും: മുഖ്യമന്ത്രി

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഏഴുകൊല്ലമായി കേരളത്തിൽ മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഇന്നല്ലെങ്കില്‍ നാളെ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വന്ദേഭാരത് ട്രെയിനിന് ലഭിച്ച മികച്ച സ്വീകാര്യത ലഭിച്ചതുവഴി, അതിവേഗ ട്രെയിനിൻ്റെ ആവശ്യകത ആളുകള്‍ക്ക് മനസ്സിലായെന്നും ലോക കേരള സഭയുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പറഞ്ഞതെല്ലാം പാലിക്കുന്ന സർക്കാരാണ് നിലവിൽ കേരളത്തിലുള്ളത്. ജനം തുടർഭരണം നൽകിയത് വാഗ്‌ദാനങ്ങൾ പാലിക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയ്ൽ, കെ– ഫോൺ, റോഡ് വികസന പദ്ധതികൾ തുടങ്ങിയവ ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യാഥാർത്ഥ്യമാകുന്ന പദ്ധതിയാണ് കെ- റെയിൽ പദ്ധതിയെന്ന്, ആർക്കും മനസ്സിലാകാത്ത ചില കാര്യങ്ങൾ പറഞ്ഞാണ് കെ റെയിലിനെ അട്ടിമറിച്ചത്. വന്ദേഭാരത് നല്ല സ്വീകാര്യത ജനങ്ങളിൽ ഉണ്ടാക്കിയപ്പോഴാണ് കെ- റെയിലും വേണ്ടിയിരുന്നുവെന്ന ചർച്ചകളുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ സർവതല സ്‌പർശിയായ വികസനമാണ് ലക്ഷ്യം. നഗരവൽക്കരണം ഏറ്റവും വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇൻ്റെർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണ്. അതു കെ- ഫോൺ വഴി കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുന്നു. ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാകും. അതിനുള്ള അനുമതി കേന്ദ്രത്തിൽ നിന്ന് തത്വത്തിൽ ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ റോഡുകൾ മികച്ചതാണ്. അരിക്കൊമ്പനെ കൊണ്ടുപോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത്.

സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തി. അതിന് തടസ്സമാകുന്ന വിധത്തിലുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിച്ചു. തൊഴില്‍ രംഗത്തെ പ്രശ്‌നങ്ങള്‍ തീര്‍ത്തു. നേരത്തേ എല്ലാ ട്രേഡ് യൂണിയനുകളെയും വിളിച്ചുകൂട്ടി നോക്കുകൂലി വാങ്ങുന്ന രീതി അവസാനിപ്പിക്കുകയും നിയമംമൂലം നിരോധിക്കുകയും ചെയ്‌തു. സംഘടനയുടെ പേരില്‍ പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ ചെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയും അവസാനിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വതല സ്‌പര്‍ശിയും സാമൂഹിക നീതിയില്‍ അമധിഷ്ഠിതവുമായ പൊതുവികസനമാണ് കേരളത്തിനാവശ്യം. ഇതിനായി അമേരിക്കയിലെ പ്രവാസി മലയാളികളുടെ പിന്തുണയും അദ്ദേഹം തേടി.

0Shares