കാസർകോട് ജില്ലയില്‍ മൊബൈല്‍ റേഷന്‍കടകള്‍ ആരംഭിക്കും; വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ നടപടി

  • Post category:local news
  • Reading time:2 mins read
You are currently viewing കാസർകോട് ജില്ലയില്‍ മൊബൈല്‍ റേഷന്‍കടകള്‍ ആരംഭിക്കും; വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ നടപടി

കാസർകോട്: ജില്ലയുടെ മലയോര മേഖലകളില്‍ പ്രത്യേകിച്ച് പട്ടികവര്‍ഗ മേഖലയില്‍ റേഷന്‍ വിതരണം സുഗമമായി നടത്തുന്നതിനായി സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ മുന്നു മാസത്തിനകം തുടങ്ങുമെന്ന് സംസ്ഥാനഭക്ഷ്യ കമ്മീഷന്‍ അംഗം എം.വിജയലക്ഷ്മി ജില്ലാ ഭക്ഷ്യസുരക്ഷാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. പൊതുവിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനു ലീഗല്‍ മെട്രോളജി വകുപ്പിൻ്റെ യും നിവില്‍ സപ്ലൈസ് വകുപ്പിൻ്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തും.

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ജില്ലയില്‍ റേഷന്‍ കാര്‍ഡുകള്‍ ഇല്ലാത്ത എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡുകള്‍ നല്‍കും. വീട്ടുനമ്പര്‍ അടക്കമുള്ള രേഖകള്‍ ഇല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. അതി ദരിദ്രരുടെ സര്‍വ്വേയില്‍ കാര്‍ഡ് ഇല്ലാത്തവരെന്ന് കണ്ടെത്തിയ ആളുകളുടെ വീടുകളില്‍ എത്തി കാര്‍ഡ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

അനധികൃതമായി ബിപിഎല്‍ കാര്‍ഡുകള്‍ കയ്യില്‍ വച്ചിരിക്കുന്നവരുടെ കാര്‍ഡുകള്‍ തിരിച്ചെടുക്കും. ഇത്തരത്തില്‍ അനര്‍ഹരായാവര്‍ ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സപ്ലൈ ഓഫീസുകളില്‍ അറിയിക്കണം. ഇതിൻ്റെ ഭാഗമായി ഓപ്പറേഷന്‍ യെല്ലോയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. പൊതു വിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ മൂന്നും വെള്ളരിക്കുണ്ട് താലൂക്കില്‍ രണ്ടും കെ-സ്റ്റോറുകള്‍ ആരംഭിക്കും.

റേഷന്‍ കടകളില്‍ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ ലഭിച്ചാല്‍ അത് നല്‍കുന്നത് നിര്‍ത്തിവച്ച് ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥരെ അറിയിച്ച് പരിശോധനകള്‍ നടത്തണം. കോളനികളില്‍ പട്ടിണിയിലായവരെ കണ്ടെത്തുന്നതിനു ജനമൈത്രി പോലീസ്, പട്ടിക വര്‍ഗ വകുപ്പ് എന്നിവരുമായി ചേര്‍ന്ന് പരിശോധനകള്‍ നടത്താനുള്ള നിര്‍ദേശം യോഗത്തിലുയര്‍ന്നു. ഉപയോഗ കാലാവധി കഴിയാറായ ആട്ട റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതായി യോഗത്തില്‍ ചൂണ്ടിക്കാട്ടി. അതിദരിദ്രര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിലുള്ള സാങ്കേതിത്വങ്ങള്‍ മാറ്റി സുഗമമായി റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യണമെന്ന് ആവശ്യമുയര്‍ന്നു.

മൂന്നു മാസത്തിലൊരിക്കല്‍ ഭക്ഷ്യസുരക്ഷാ വിജിലന്‍സ് കമ്മിറ്റിയോഗം ചേരുമെന്നും അറിയിച്ചു. ഉപയോഗ്യമല്ലാത്ത ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യരുതെന്ന് റേഷന്‍ കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യോഗത്തിൽ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷയായി. ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍.കെ.ഷാജിമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, എഫ്.സി.ഐ മാനേജര്‍ ശ്രീജ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.പി.ബാബു, എം.കുഞ്ഞമ്പു നമ്പ്യാര്‍, കൈപ്രത്ത് കൃഷ്ണന്‍ നായര്‍, രതീഷ് പുതിയപുരയില്‍, അഡ്വ.മാധവന്‍ മാലാങ്കാട്, ഇ.കെ.നസീമ, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എഡിഎം എ.കെ. രമേന്ദ്രന്‍ സ്വാഗതവും ജില്ലാ സപ്ലൈ ഓഫിസ് സീനിയര്‍ സൂപ്രണ്ട് കെ.വി.ദിനേശ് നന്ദിയും പറഞ്ഞു.

0Shares