
കാസർകോട്: നഗരത്തിൽ പട്ടാപകൽ ആള്‍ക്കുട്ടത്തിൻ്റെ മർദ്ദനത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസര്‍കോട് കിംസ് – സൺറൈസ്, അരമന എന്നീ ആശുപത്രിക്ക് സമീപമാണ് സംഭവം. ചിലരുമായി റഫീഖ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പറയുന്നു.
ഇതിന് ശേഷം കിംസ് ആശുപത്രി ബസ് സ്റ്റോപിനടുത്തെ മെഡികല്‍ സറ്റോറില്‍ നിന്നും മരുന്ന് വാങ്ങുന്നതിനിടെ ചിലര്‍ എത്തി റഫീഖുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും മർദ്ധിക്കുകയുമായിരുന്നു എന്നാണ് പറയുന്നത്. കിംസ് – അരമന ആശുപത്രിക്കടുത്തെ ഹെല്‍ത് മാളിനടുത്താണ് റഫീഖ് വീണു കിടന്നത്. ബോധരഹിതനായി വീണു കിടന്ന റഫീഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൊലപാതക വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്പി. പി.ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമിസ്ഥലത്തെ കണ്ടെത്താന്‍ സി.സി.ടി.വിയടക്കം പോലീസ് പരിശോധിച്ചു. മർദ്ദനം തന്നെയാണോ മരണകരണമെന്നത് പറയാനാകില്ല എന്നാണ് പോലീസ് നൽകുന്ന വിവരം.

സി.സി.ടി.വി ദൃശ്യം പരിശോധിച്ചതിൽ നിന്നും ഉന്തും തള്ളും നടന്നതായി പോലീസിന് മനസ്സിലായി. മരണകാരണം മർദ്ദനമാണോ എന്നത് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളു. മരിച്ച റഫീഖിൻ്റെ ദേഹത്ത് പരിക്കുകളും കണ്ടെത്താനായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. റഫീഖിൻ്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്നും കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. അതേസമയം നഗരത്തിൽ ഉണ്ടായ ഈ സംഭവം കുറെ ഏറെ ആളുകളിൽ ഭീതി ഉളവാക്കി. ഉത്തരേന്ത്യൻ മോഡൽ കൊലപാതകമോ കാസർകോട് നഗരത്തിൽ നടന്നത്.?
