നട്ടപ്രാന്ത് പിടിച്ചാല്‍ ചങ്ങലക്കിടണമെന്ന് പഴമക്കാര്‍ പറയുന്നത് ഇവരെയാണ്; പ്രതിപക്ഷത്തിനെതിരെ മന്ത്രി എം. എം മണി

  • Post category:news
  • Reading time:1 min read
You are currently viewing നട്ടപ്രാന്ത് പിടിച്ചാല്‍ ചങ്ങലക്കിടണമെന്ന് പഴമക്കാര്‍ പറയുന്നത് ഇവരെയാണ്; പ്രതിപക്ഷത്തിനെതിരെ മന്ത്രി എം. എം മണി

രാഷ്ട്രീയം പറയേണ്ടിടത്ത് അതിന് കഴിയാതെ കൊതിക്കെറുവ് മുറുമുറുത്ത് തീര്‍ക്കുകയാണ് ബി.ജെ.പി – യു.ഡി.എഫ് നേതാക്കള്‍ ചെയ്യുന്നതെന്ന് മന്ത്രി എം. എം മണി. അപവാദ പ്രചരണത്തില്‍ ആരാണ് മുന്നിലെന്ന മത്സരമാണ് ഇപ്പോള്‍ അവര്‍ക്കിടയില്‍ നടക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

രാഷ്ട്രീയം പറയേണ്ടിടത്ത് അതിന് കഴിയാതെ കൊതിക്കെറുവ് മുറുമുറുത്ത് തീർക്കുകയാണ് ബി.ജെ.പി – യു.ഡി.എഫ് നേതാക്കൾ ചെയ്യുന്നത്. അപവാദ പ്രചരണത്തിൽ ആരാണ് മുന്നിലെന്ന മത്സരമാണ് ഇപ്പോൾ അവർക്കിടയിൽ നടക്കുന്നത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടതുപക്ഷ മുന്നണിയുടെ നേതാക്കന്മാരെയും സംശയത്തിന്‍റെ പുകമറക്കുള്ളിൽ കുടുക്കിയിടാമെന്നാണ് അവർ കരുതുന്നത്. സ്വർണ്ണക്കള്ളക്കടത്ത് കേസ് പുറത്തുവന്നയുടനെ തന്നെ, “മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കസ്റ്റംസിനെ വിളിച്ചു” എന്ന പൊയ് വെടിയുമായി ബി.ജെ.പി നേതാവ് ചാടിപ്പുറപ്പെട്ടതും, അത് പ്രതിപക്ഷ നേതാവും മറ്റു യു.ഡി.എഫ് നേതാക്കളും ആവർത്തിച്ചതും വെറുതെയല്ല. എല്ലാം യു.ഡി.എഫ്. – ബി.ജെ.പി. കൂട്ടുകെട്ടിന്‍റെയും ചില മാധ്യമങ്ങളുടെയും തിരക്കഥക്കനുസരിച്ചായിരുന്നു.

പക്ഷേ, “മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കസ്റ്റംസിനെ ആരും വിളിച്ചിട്ടില്ല” എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയതോടെ സംഗതി ചീറ്റിപ്പോയി. എന്നാൽ അതുകൊണ്ടൊന്നും ഇക്കൂട്ടർ അടങ്ങിയില്ല. മന്ത്രിയുടെ ഭാര്യയുടെ ചിത്രം വരെ മോർഫ് ചെയ്തും, നുണക്കഥകൾ മെനഞ്ഞും അവർ ശ്രമം തുടർന്നു; ഒന്ന് പൊട്ടുമ്പോൾ മറ്റൊന്ന് എന്ന നിലയിൽ. ലൈഫ് പദ്ധതിക്കെതിരേയും, വിശുദ്ധ ഖുറാൻ കൊണ്ടുപോയതിനെതിരെയുമൊക്കെ ഇല്ലാക്കഥകൾ ചമയ്ക്കുന്നത് ഈ തിരക്കഥയുടെ ഭാഗമായിത്തന്നെയാണ്. എന്നാൽ ഒന്നും ഏശുന്നില്ല.

ഉദ്ദേശിച്ചതൊന്നും നടക്കാതായാൽ ആർക്കും സമനില തെറ്റും. അതാണിപ്പോൾ കാണുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും ഇടതുപക്ഷ നേതാക്കന്മാരെയും സംബന്ധിച്ച് ഒന്നും പറയാൻ കിട്ടാതായപ്പോൾ കുടുംബാംഗങ്ങളെക്കുറിച്ചുള്ള അപവാദ നിർമ്മാണമാണ് പുതിയ മാർഗ്ഗമായി കണ്ടെത്തിയിട്ടുള്ളത്. യാതൊരു മര്യാദയുമില്ലാതെ എന്തും പറയാമെന്ന നിലയിലാണ് അവർ എത്തിയിരിക്കുന്നത്. കഥകെട്ടവർക്ക് കിളിയും പോയ അവസ്ഥ.

നട്ടപ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടണമെന്ന് പഴമക്കാർ പറയുന്നത് ഇക്കൂട്ടരെ ഉദ്ദേശിച്ചു തന്നെ.

0Shares