
പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളില്‍ എം.എൽ.എക്ക് മർദനമേറ്റതായി പരാതി. നവകേരള സദസിനെതിരെ പ്രതിഷേധിച്ചതിന് മർദനമേറ്റ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആശുപത്രിയില്‍ സന്ദർശിക്കാണ് എത്തിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചെന്നാണ് പരാതി.എം.എൽ.എയുടെ ഡ്രൈവർക്കും മർദനമേറ്റു.
പെരുമ്പാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നോയൽ ജോസിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു എംഎൽ.എ.

20 ബൈക്കുകളിലെത്തിയ അറുപതോളം പ്രവർത്തകർ ചേര്‍ന്നാണ് എം.എല്‍.എയെ മർദിച്ചത്. തുടര്‍ന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ കരിങ്കൊടി കാട്ടിയും ഷൂസ് എറിഞ്ഞും പ്രതിഷേധിച്ചിരുന്നു. ഇവരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിക്കുകയും കൊടികള്‍ പിടിച്ചെടുത്ത് കത്തിക്കുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെ പരിക്കേറ്റ പ്രവര്‍ത്തകരെ കാണാന്‍ ആശുപത്രിയിൽ എത്തിയപ്പോള്‍ ഡിവൈഎഫ്ഐ പ്രവർത്തകർ എം.എല്‍.എയെ മര്‍ദിക്കുകയായിരുന്നു.
