
കാസർകോട്: എൽ.ഡി.എഫിന് പിന്നാലെ എൻ.ഡി.എ.യും സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കാസർകോട് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി. പരസ്യപ്രഖ്യാപനം വന്നില്ലെങ്കിലും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യും പ്രചാരണം ആരംഭിച്ചു.
കേരളത്തിലെ 12 സീറ്റുകളിലെയടക്കം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി ആദ്യഘട്ട പട്ടിക പുറത്ത് വിട്ടു. 16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കാസർകോട്ട് ബി.ജെ.പി രംഗത്തിറക്കിയത് മഞ്ചശ്വരം ബ്ലോക് പഞ്ചായത്ത് അംഗം എം.എല്‍ അശ്വിനിയാണ്.
മഹിളാ മോർച്ച ദേശീയ കൗണ്‍സില്‍ അംഗവും മഞ്ചേശ്വരം ബ്ലോക് പഞ്ചായത് വോർക്കാടി ഡിവിഷൻ അംഗവുമായ അശ്വിനി പജ്‌വ സ്വദേശിനിയാണ്. കുറച്ച് കാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡിപ്ലോമ ഇൻ മോണ്ടിസോറി, ഡിപ്ലോമ ഇൻ അകൗണ്ടിംഗ് ആണ് വിദ്യാഭ്യാസം. ശശിധരൻ ആണ് ഭർത്താവ്.

കണ്ണൂർ- സി.രഘുനാഥ്, വടകര- പ്രഫുല്‍ കൃഷ്‌ണ, കോഴിക്കോട്- എം.ടി രമേശ്, മലപ്പുറം- അബ്ദുല്‍ സലാം, പൊന്നാനി- നിവേദിത സുബ്രമണ്യം, പാലക്കാട്- സി.കൃഷ്‌ണകുമാർ, തൃശൂർ- സുരേഷ് ഗോപി, ആലപ്പുഴ- ശോഭ സുരേന്ദ്രന്‍, പത്തനംതിട്ട- അനില്‍ ആൻ്റെണി, ആറ്റിങ്ങല്‍- വി.മുരളീധരൻ, തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖർ എന്നിവർ മത്സരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധി നഗറിലും വീണ്ടും ജനവിധി തേടും.
കാസർകോട്ട് എല്‍.ഡി.എഫ് സ്ഥാനാർഥിയായി എം.വി ബാലകൃഷ്ണൻ മാസ്റ്റർ പ്രചാരണ രംഗത്ത് ഏറെ മുന്നിലാണ്. യു.ഡി.എഫിനായി ഇത്തവണയും രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
