
ചൊവ്വയ്ക്ക് മുകളില്‍ ദുരൂഹ പ്രതിഭാസം കണ്ടെത്തി ഗവേഷകര്‍. ചൊവ്വയുടെ അന്തരീക്ഷത്തില്‍ കൂറ്റന്‍ മേഘം പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2018ല്‍ ആദ്യമായി ശ്രദ്ധയില്‍പെട്ട ഈ മേഘം നിശ്ചിത ഇടവേളയിലാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചൊവ്വയിലെ അര്‍സിയ മോണ്‍സ് അഗ്നിപര്‍വ്വതത്തിന് ഇരുപത് കിലോമീറ്റര്‍ മുകളിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന മേഘത്തിന് 1700 കിലോമീറ്ററിലേറെ നീളമുണ്ട്.
അര്‍സിയ മോണ്‍സ് എലോഗേറ്റഡ് ക്ലൗഡ് (എ.എം.ഇ.സി) എന്നാണ് ഈ നീളന്‍ മേഘത്തിനിട്ടിരിക്കുന്ന പേര്. ചൊവ്വയുടെ ദക്ഷിണ ധ്രുവത്തില്‍ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്ന കാലത്താണ് ഈ മേഘം പ്രത്യക്ഷപ്പെടുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രത്യക്ഷപ്പെട്ട ഈ ചൊവ്വാ മേഘത്തിന്‍റെ യഥാര്‍ത്ഥ കാരണം തിരയുകയാണ് ശാസ്ത്രലോകം.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ജൂലൈ 17നും 19നും എടുത്ത ചിത്രങ്ങളിലാണ് ഈ മേഘം തെളിഞ്ഞുവന്നിരിക്കുന്നത്. എല്ലാ ചൊവ്വാ വര്‍ഷത്തിലും ഈ കാലത്ത് ദക്ഷിണ ധ്രുവപ്രദേശത്തായാണ് മേഘം പ്രത്യക്ഷപ്പെടുന്നത്. ഏതാണ്ട് 80 ദിവസമോ അതില്‍ കൂടുതലോ വാട്ടര്‍ ഐസുകൊണ്ട് നിര്‍മിക്കപ്പെട്ട ഈ മേഘം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഓരോ ദിവസവും പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നുവെന്നതും ഈ മേഘത്തെ കൂടുതല്‍ ദുരൂഹമാക്കുന്നു. ചൊവ്വാ ദിനത്തില്‍ പുലര്‍ച്ചെ മൂന്ന് മണിക്കൂറോളം ഈ മേഘം വലുതാവുകയും പിന്നീട് മണിക്കൂറുകള്‍ക്കകം അപ്രത്യക്ഷമാവുകയുമാണ് ചെയ്യുന്നത്. ചൊവ്വയിലെ കാലാവസ്ഥയുടേയും കാറ്റിന്റേയും കളികളാണ് മേഘത്തെ പ്രത്യക്ഷമാക്കുന്നതും അപ്രത്യക്ഷമാക്കുന്നതുമെന്നാണ് സൂചന.
