
തിരുവനന്തപുരം: എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടികാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉറച്ചു നിന്നതോടെ പിന്തുണയുമായി സി.പി.എം. റിയാസ് പറഞ്ഞത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പൊതുസമീപനമാണെന്നും പൊതുനിലപാടിന് അനുസൃതയാണ് മന്ത്രിയുടെ പ്രതികരണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.

ശുപാര്‍ശയില്ലാതെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണം എന്നതാണ് പാർട്ടി നിലപാട്. എം.എല്‍.എമാര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്ക് മന്ത്രിമാര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ട്. മന്ത്രിമാരുടെ ഓഫിസ് എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് സര്‍ക്കാരിന് നിലപാടുണ്ട്. സര്‍ക്കാരും മന്ത്രിമാരും എങ്ങനെ പ്രവര്‍ത്തിക്കണം എന്നത് സംബന്ധിച്ച് സി.പി.എമ്മിന് പൊതുനിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരാറുകാരെക്കൂട്ടി എം.എല്‍.എമാര്‍ കാണാന്‍ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്താവന പ്രതിപക്ഷ എം.എല്‍.എമാര്‍ വിവാദമാക്കിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇടതുപക്ഷ നയവും നിലപാടുമാണ് താന്‍ വ്യക്തമാക്കിയതെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

കരാറുകാരെ കൂട്ടി എം.എല്‍.എമാര്‍ കാണാന്‍ വരരുതെന്ന പ്രസ്താവനയിന്മേല്‍ എം.എല്‍.എമാരുടെ യോഗത്തില്‍ താന്‍ ഖേദം പ്രകടിപ്പിച്ചതായുള്ള വാർത്തകൾ കണ്ടു. അത് ശരിയായ വാർത്തയല്ല. എം.എല്‍.എമാരുടെ യോഗത്തില്‍ ഒരാള്‍ പോലും ഇത്തരത്തിലൊരു അഭിപ്രായം ഉന്നയിച്ചിട്ടില്ല. താന്‍ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. ഒരടി പുറകോട്ട് പോയിട്ടില്ലന്ന് റിയാസ് വ്യക്തമാക്കി.
