
രാജ്യത്തെ ഡിജറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് താക്കൂര്‍. പത്രങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാക്കുമെന്നും ‘പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ്’ ആക്ടിന് പകരമായി പുതിയ നിയമം ഉടന്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഒരു ഹിന്ദി പത്രം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഡിജിറ്റല്‍ മാധ്യമങ്ങള്‍ അവസരങ്ങളും വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ഇതില്‍ ഒരു സന്തുലനം കൊണ്ടുവരാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ ബില്‍ ഉടന്‍ കൊണ്ടുവരും.’-അനുരാഗ് താക്കൂര്‍ പറഞ്ഞു.

നിലവില്‍ ഏകദേശം നാല് മാസമെടുക്കുന്ന പത്രങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈന്‍ വഴി ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന തരത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
