ഇനി ഒരു കുടുംബത്തിനും എൻ്റെ അവസ്ഥ ഉണ്ടാകരുത്; പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം ആത്മഹത്യക്ക് ശ്രമിച്ച മുജീബിൻ്റെ സന്ദേശം പുറത്ത്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഇനി ഒരു കുടുംബത്തിനും എൻ്റെ അവസ്ഥ ഉണ്ടാകരുത്; പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം ആത്മഹത്യക്ക് ശ്രമിച്ച മുജീബിൻ്റെ സന്ദേശം പുറത്ത്

മലപ്പുറം: കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് നാട്ടുകാര്‍ക്കും സി.പി.എം നേതാക്കള്‍ക്കുമായി വാട്‌സാപ്പില്‍ സന്ദേശമയച്ചു.

താൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നറിയില്ല പക്ഷേ, ഇതല്ലാതെ മറ്റൊരു വഴിയും കണ്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് സന്ദേശം തുടങ്ങുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പാവപ്പെട്ട നിരവധി കുടുംബങ്ങള്‍ വിഷമം അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും മുജീബ് റഹ്മാൻ അയച്ച സന്ദേശത്തില്‍ പറയുന്നു.

സന്ദേശത്തിൻ്റെ പൂര്‍ണരൂപം:

ഞാൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നറിയില്ല പക്ഷേ, ഇതല്ലാതെ മറ്റൊരു വഴിയും കണ്ടില്ല. നല്ലവരായ കേരള സമൂഹത്തിന് ഇത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം. കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പാവപ്പെട്ട നിരവധി കുടുംബങ്ങള്‍ ഇതുപോലെ വിഷമം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഇനി ഒരു കുടുംബത്തിനും ഇതുപോലൊരു അവസ്ഥ ഉണ്ടാകരുത്.

ഇനിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയല്ലാതെ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാൻ ഉദ്യോഗസ്ഥര്‍ ശ്രമിക്കണം. ഞാൻ ഇപ്പോള്‍ ചെയ്‌ത തെറ്റ് കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം എനിക്ക് ചെയ്യേണ്ടി വന്നതാണ്. ഞാൻ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് അന്വേഷിച്ച്‌ ഒരു വ്യക്തമായ മറുപടി ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് നല്‍കണം. എന്ന് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം മുജീബ്.

തന്നെ ലൈഫ് ഭവന പദ്ധതി ലിസ്‌റ്റില്‍ ഉള്‍പ്പെടുത്താനാവുമോ എന്നന്വേഷിച്ച്‌ മുജീബ് പല തവണ ഓഫീസിലെത്തി എന്നാണ് വിവരം. എന്നാല്‍ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും അറിയിച്ച്‌ അധികൃതര്‍ ഇയാളെ മടക്കി അയക്കുകയായിരുന്നു.

0Shares