മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് വൈദ്യപരിശോധന ഇനി കാസർകോട് ജില്ലയില്‍; ചെറുവത്തൂര്‍ കെ.എ.എച്ച്. എം ആശുപത്രിയിലെ ഡോ.മുഹമ്മദ് അലിക്ക് ഡി.ജി ഷിപ്പിങ്ങിൻ്റെ അംഗീകാരം

  • Post category:health / local news
  • Reading time:1 min read
You are currently viewing മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് വൈദ്യപരിശോധന ഇനി കാസർകോട് ജില്ലയില്‍; ചെറുവത്തൂര്‍ കെ.എ.എച്ച്. എം ആശുപത്രിയിലെ ഡോ.മുഹമ്മദ് അലിക്ക് ഡി.ജി ഷിപ്പിങ്ങിൻ്റെ  അംഗീകാരം

കാഞ്ഞങ്ങാട്/ കാസർകോട്: ജില്ലയിലെ മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട വൈദ്യപരിശോധനയ്ക്ക് ഇനിമുതല്‍ ജില്ല വിട്ട് യാത്ര ചെയ്യേണ്ടതില്ല. ഷിപ്പിങ്ങ് മന്ത്രാലയത്തിൻ്റെ കീഴില്‍ മുംബൈ ആസ്ഥാനമായ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിൻ്റെ അംഗീകാരമുള്ള ഡോക്ടര്‍ ഇനി ചെറുവത്തൂര്‍ കെ.എ.എച്ച്.എം ആശുപത്രിയില്‍ ഉണ്ടായിരിക്കും. കപ്പല്‍ ജോലിയുമായി ബന്ധപ്പെട്ട പ്രീ-സീ ട്രെയിനിങ്ങ്, ജീവനക്കാര്‍ക്കുള്ള വിവിധ പഠന-പഠനാനന്തര പരിശീലന കോഴ്‌സുകള്‍ തുടങ്ങിയവയ്ക്ക് പ്രവേശനം കിട്ടാന്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് ശേഷം ഇവിടെ നിന്ന് ലഭിക്കും.

ജീവനക്കാര്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ ഉടമ്പടി ഒപ്പു വെക്കും മുമ്പേ, ഓരോ തവണയും,കര്‍ശനമായ മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതാത് ഷിപ്പിങ്ങ് കമ്പനികള്‍ അവരുടെ താല്പര്യവും സൗകര്യവുമനുസരിച്ച് മുംബൈയിലും മര്‍ച്ചന്റ്‌ നേവി ജീവനക്കാര്‍ ഏറെയുള്ള മറ്റിടങ്ങളിലും ഡി.ജി. അംഗീകാരമുള്ള ഡോക്ടര്‍മാര്‍ക്ക് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. കേരളത്തില്‍ ഏറെ കപ്പലോട്ടക്കാര്‍ ഉള്ള കാസര്‍കോട് ജില്ലയില്‍ അതിനായി അംഗീകാരമുള്ള ഡോക്ടര്‍ന്മാര്‍ ഇല്ലെന്ന പരാതി നേരത്തേ ശക്തമായിരുന്നു.

കാഞ്ഞങ്ങാട് സൈലേഴ്‌സ് ക്ലബ്ബിൻ്റെയും മുംബൈ ആസ്ഥാനമായുള്ള കപ്പലോട്ടക്കാരുടെ സംഘടനയായ നാഷണല്‍ യൂണിയന്‍ ഓഫ് സീഫയറേഴ്‌സ് ഓഫ് ഇന്ത്യ (ന്യുസി) യുടെയും ശ്രമഫലമായാണിത് ഇപ്പോള്‍ സാധ്യമായത്. സൈലേഴ്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തില്‍ അതിനായുള്ള ഡോക്ടറേയും ആശുപത്രിയെയും കണ്ടെത്തി. ചെറുവത്തുര്‍ കെ.എ.എച്ച്.എം ആശുപത്രിയിലെ ഡോ.മുഹമ്മദ് അലിക്കാണ് ജില്ലയില്‍ ഇതിനായി അംഗീകാരം ലഭിച്ചിട്ടുള്ളത്.

ഏറെ കാത്തിരിപ്പിന് ശേഷം ആദ്യമായി ഈ സൗകര്യം കിട്ടിയതില്‍ ജില്ലയിലെ കപ്പലോട്ടക്കാരും അവരുടെ സംഘടനകളും ഏറെ ആഹ്ലാദത്തിലാണ്. മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.

0Shares