പഴുതടച്ച പ്രതിരോധം: മെഡിക്കൽ ക്യാമ്പുകൾ നിർണ്ണായകമായി; നീലേശ്വരത്ത് എലിപ്പനി ഭീതിയൊഴിയുന്നു

  • Post category:health / local news
  • Reading time:2 mins read
You are currently viewing പഴുതടച്ച പ്രതിരോധം: മെഡിക്കൽ ക്യാമ്പുകൾ നിർണ്ണായകമായി; നീലേശ്വരത്ത് എലിപ്പനി ഭീതിയൊഴിയുന്നു

നീലേശ്വരം: പാലായി, നീലായി, ചെമ്മാക്കര, തോട്ടുംപുറം പാലാത്തടം, പാണ്ടിക്കോട് പ്രദേശത്തെ ഭീതിയിലാക്കുകയും 2 പേരുടെ മരണത്തിനും കാരണമായ എലിപ്പനി നിയന്ത്രണ വിധേയമാകുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 35 എലിപ്പനി ബാധിതരാണ് ഈ പ്രദേശങ്ങളിൽ നിന്ന് ചികിത്സ തേടിയത്.ഇതിൽ രണ്ട് സ്ത്രീകൾ മരണപ്പെടുകയും ചെയ്തു.

നീലേശ്വരം നഗരസഭയുടേയും താലൂക്കാശുപത്രിയുടെയും പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾ രോഗബാധ നിയന്ത്രിക്കാനും, കൂടുതൽ മരണങ്ങൾ തടയുകയും ചെയ്തിട്ടുണ്ട്. അടുത്തടുത്ത ദിവസങ്ങളിൽ രോഗബാധിതരിൽ 2 സ്ത്രീകൾ മരണപ്പെട്ടത് പ്രതിരോധ പ്രവർത്തനങ്ങളുടെ ഗൗരവം വർദ്ധിപ്പിച്ചു.

തുടർന്ന് എം.രാജഗോപാലൻഎം.എല്‍.എയുടെ അധ്യക്ഷതിൽ മുൻസിപ്പാലിറ്റി അനക്സ് ഹാളിൽ ചേർന്ന അടിയന്തിര യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ രാംദാസ് എ. വി ഉൾപ്പെടെയുള്ള ജില്ലാ തല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, നീലേശ്വരം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ടി.വി ശാന്ത, വൈസ് ചെയർമാൻ മുഹമ്മദ് റാഫി, ആരോഗ്യ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലതയും മറ്റ് വാർഡ് കൗൺസിലർമാർ, വെറ്റിനറി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, നീലേശ്വരം താലൂക്കാശുപത്രിയിലെ നോഡൽ ഓഫീസർ ഡോ. വി.സുരേശൻ എന്നിവർ തുടർ ദിവസങ്ങളിലെ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും, താലൂക്കാശുപത്രി സൂപ്രണ്ട് ഡോക്ടർ ജമാൽ അഹമ്മദിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഇതിന്‍റെ ഭാഗമായി രോഗബാധ കണ്ടെത്തിയ വാർഡുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ ക്യാമ്പുകൾ, പനി സർവ്വേ, പ്രതിരോധ ഗുളിക വിതരണം, ക്ലോറിനേഷൻ, ബോധവൽക്കരണ ക്ലാസ്സുകൾ, ബോധവൽക്കരണ നോട്ടീസ് വിതരണം എന്നിവ വിവിധ ഗ്രൂപ്പുകളായി വേർതിരിഞ്ഞാണ് നടത്തിയത്. ഓരോ ഗ്രൂപ്പിനെയും നയിച്ചത് വാർഡ് കൗൺസിലർമാരായ ശ്രീജ വി.വി, സതി വി. വി, ലത ടി.പി, കെ. പി രവീന്ദ്രൻ, കെ.നാരായണൻ, ഷീബ പി, സുഭാഷ് പി, ദാക്ഷായണി കുഞ്ഞിക്കണ്ണൻ എന്നിവരായിരുന്നു

ആശാ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും,ആരോഗ്യ പ്രവർത്തകരും, ക്ലബ്ബ്, സംഘടനാ പ്രവർത്തകരും അംഗങ്ങളായ സംഘം പ്രദേശത്തെ മുഴുവൻ വീടുകളിലും എത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
പ്രവർത്തനങ്ങളുടെ ഏകോപനം താലൂക്കാശുപത്രി തലത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം. ശശിധരനും ,വാർഡ് തലത്തിൽ ജൂനി. ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസീത, വിജയൻ മൂത്തല എന്നിവരും നിർവ്വഹിച്ചു. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടി മൃഗ സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ് എന്നിവരുടെ സഹകരണവും തേടിയിരുന്നു. അതിന്‍റെ ഭാഗമായി 14 കന്നുകാലികളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു.

രോഗബാധിത പ്രദേശത്ത് ജനങ്ങളുടെ ഭീതിയകറ്റാൻ ജില്ലാതലത്തിലുള്ള ആരോഗ്യ വിദഗ്ധർ ഒരേ സമയം മൂന്ന് പ്രദേശങ്ങളിൽ ജനജാഗ്രതാ യോഗം ചേർന്നു. താലൂക്കാശുപത്രി , ഹെൽത്ത് സൂപ്പർവൈസർ കുഞ്ഞികൃഷ്ണന്‍റെ നേതൃത്വത്തിലാണ് ജാഗ്രതാ യോഗങ്ങൾ ചേർന്നത്

4 പേർക്ക് എലിപ്പനി സ്ഥിരീകരിക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തതോടെ നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിന്‍റെ ഭാഗമായി നടത്തിയ മൂന്ന് മെഡിക്കൽ ക്യാമ്പുകൾ വഴി ശേഖരിച്ച 35 രക്തസാമ്പിളുകളിൽ 24 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇവരെ ഉടൻ തന്നെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകാനും അതുവഴി രോഗം ഗുരുതരമാകുന്നത് തടയാനും സാധിച്ചിട്ടുണ്ട്..
അവരിപ്പോൾ സുഖം പ്രാപിച്ചു വരുന്നു. പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രത കർശനമായി തുടരുന്നതായി നീലേശ്വരം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് അറിയിച്ചു.

“ഏകോപനത്തിന്‍റെ വിജയം “

ഒരു പ്രദേശത്ത് 35 പേരിൽ എലിപ്പനി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പടരുക എന്നത് അത്യന്തം ഭീതിജനകമായ ഒരു അവസ്ഥയായിരുന്നു. എന്നാൽ രോഗബാധ പടരുന്നത് പെട്ടന്ന് തന്നെ നിയന്ത്രിക്കാനും കൂടുതൽ അത്യാഹിതങ്ങൾ ഒഴിവാക്കാനും സാധിച്ചത് പ്രദേശവാസികളും, പ്രദേശത്തെ രാഷ്ട്രീയ-സംസ്കാരിക സംഘടനകളും നീലേശ്വരം താലൂക്കാശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് നൽകിയ സഹായ സഹകരണവും വിശ്വാസവുമാണെന്ന് നീലേശ്വരം താലൂക്കാശുപത്രി നോഡൽ ഓഫീസർ ഡോ.വി സുരേശൻ പറഞ്ഞു.

0Shares