
കാഞ്ഞങ്ങാട് / കാസർകോട്: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലിറങ്ങിയ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ടയിലെ മുഹമ്മദ് അര്‍ഷാദിനെയാണ്(47) കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് പിടികൂടിയത്.
ഇയാളില്‍ നിന്നും 1.920 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ഹോസ്ദുര്‍ഗ് എസ്.ഐ കെ.പി സതീശന്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ അബൂബക്കര്‍ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, രജില്‍നാഥ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഞ്ചാവുമായി അറസ്റ്റില്‍
തലശ്ശേരി: കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പി. ജംഷീദിനെയാണ്(32) കഞ്ചാവുമായി ഇന്‍സ്‌പെക്ടര്‍ കെ.പി ഹരീഷ് കുമാറും സംഘവും പിടികൂടിയത്.

പട്രോളിങ്ങിനിടയില്‍കൊളശ്ശേരി- വാടിയില്‍പീടികയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 22 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തു.
മദ്യം പിടികൂടി
കോട്ടയം: വില്‍പനക്കായി കാറില്‍ സൂക്ഷിച്ച 15 ലിറ്റര്‍ മദ്യം ഏറ്റുമാനൂര്‍ എക്സൈസ് പിടികൂടി. ആര്‍പ്പൂക്കര നെടുമ്പറമ്പില്‍ എന്‍.കെ നിഷാദാണ് (42) എക്സൈസിന്‍റെ പിടിയിലായത്. ശനിയാഴ്‌ച രാവിലെ തൊണ്ണംകുഴി ഭാഗത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. മദ്യശാലകള്‍ രണ്ടുദിവസം അവധിയായതിനാല്‍ ചില്ലറ വില്‍പനക്കായി വണ്ടിയില്‍ സൂക്ഷിച്ച മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.സജിത്തിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പ്രിവന്‍റിവ് ഓഫിസര്‍മാരായ വി.ആര്‍ രാജേഷ്, രഞ്ജിത് കെ.നമ്പ്യാട്ട്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.ആര്‍ രജനീഷ്, കെ.കെ പ്രജീഷ്, ഷിബു ജോസഫ്, രാഹുല്‍ നാരായണന്‍, സി.എം വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
