
കെ.എസ്.ആര്‍.ടി.സിയിൽ നൂറു കോടിയുടെ വൻ വെട്ടിപ്പ് നടന്നതായി വെളിപ്പെടുത്തി കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകർ. വെട്ടിപ്പ് നടത്തിയ ജീവനക്കാർക്കെതിരെ നടപടിസ്വീകരിക്കുമെന്നും പറഞ്ഞതോടെ എം.ഡിക്കെതിരെ വൻ പ്രതിഷേധമുയർത്തി ട്രേഡ് യൂണിനുകൾ.

തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ഓഫിസിൽ ഐ.എൻ.ടി.യു.സി യിൽ അംഗങ്ങളായ ജീവനക്കാർ എം.ഡിയെ ഉപരോധിച്ചു. തിങ്കളാഴ്ച വൻ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകുമെന്നും ജീവനക്കാർ പറയുന്നു. നേരത്തേ വാർത്താസമ്മേളനത്തിലാണ് വെട്ടിപ്പിന്‍റെ ഞെട്ടിക്കുന്ന കണക്കുകൾ എം.ഡി ബിജു പ്രഭാകർ പുറത്തുവിട്ടുത്. 2012-15 കാലയളവിൽ 100 കോടിയോളം രൂപയുടെ കണക്ക് കാണാനില്ലെന്ന് വ്യക്തമാക്കിയ എം.ഡി കെ.എസ്.ആര്‍.ടി.സി എക്‌സിക്യുട്ടിവ് ഡയറക്ടർ ഷറഫിനെതിരെയും അക്കൗണ്ട്‌സ് മാനേജർ ശ്രീകുമാറിനെതിരെയും നടപടിയെടുക്കും എന്നും പറഞ്ഞിരുന്നു.
ടിക്കറ്റ് മെഷീനിൽ ചില ജീവനക്കാർ തട്ടിപ്പ് നടത്തുന്നുണ്ട്. ബസുകളുടെ സ്‌പെയർ പാർട്‌സ് വാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും തട്ടിപ്പുണ്ട്. ഡീസൽ വെട്ടിപ്പ് തുടരാനാണ് ചിലർ സി.എൻ.ജിയെ എതിർക്കുന്നത്. ചിലർ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. ഈ ആരോപണങ്ങളാണ് ജീവനക്കാരുടെ സംഘടനകളെ ചൊടിപ്പിച്ചത്. തുടർന്ന് ട്രാൻസ്‌പോർട്ട് ഓഫിസിൽ ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് തിരിയുകായിരുന്നു. വരും ദിവസങ്ങളിൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് കടക്കും എന്ന മുന്നറിയിപ്പും സംഘടനകൾ നൽകുന്നുണ്ട്.
