സഗൗരവം സത്യപ്രതിജ്ഞ; എം.ബി രാജേഷ് മന്ത്രി സഭയിലേക്ക്, മന്ത്രിമാര്‍, നേതാക്കള്‍, എംബി രാജേഷിന്‍റെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സഗൗരവം സത്യപ്രതിജ്ഞ; എം.ബി രാജേഷ് മന്ത്രി സഭയിലേക്ക്, മന്ത്രിമാര്‍, നേതാക്കള്‍, എംബി രാജേഷിന്‍റെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു

തിരുവനന്തപുരം: എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യവും വേദിയുലണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം.വി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

മന്ത്രിമാര്‍, സി.പി.എം നേതാക്കള്‍, ഘടകക്ഷി നേതാക്കള്‍, എം.ബി രാജേഷിന്‍റെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ഗവര്‍ണറുടെ ചായ സല്‍ക്കാരത്തിന് ശേഷം ഓഫീസിലെത്തി എം.ബി രാജേഷ് ചുമതല ഏറ്റെടുക്കും.

എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്സൈസ് വകുപ്പുകൾ തന്നെയാകും രാജേഷും കൈകാര്യം ചെയ്യുക എന്നാണ് സൂചന. മുഖ്യമന്ത്രിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്.

കോണ്‍ഗ്രസിന്‍റെ വി.ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എം.ബി രാജേഷ് നിയമ സഭയിൽ എത്തിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്, അഖിലേന്ത്യാ പ്രസിഡണ്ട് എന്നീ നിലകളിലും എം.ബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാ‌ട് ലോക്സഭാ മണ്ഡലത്തിലെ എംപി നിലവില്‍ സി.പി.എം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.

0Shares