എം.ബി രാജേഷ് മന്ത്രിസഭയിലേക്ക്; എ.എൻ ഷംസീർ സ്‌പീക്കറാകും, സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ എത്തിയതോടെ ആണ് മാറ്റം

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing എം.ബി രാജേഷ് മന്ത്രിസഭയിലേക്ക്; എ.എൻ ഷംസീർ സ്‌പീക്കറാകും, സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ എത്തിയതോടെ ആണ് മാറ്റം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെക്കും. എം.വി ഗോവിന്ദന് പകരം നിലവിൽ സ്പീക്കറായ എം.ബി രാജേഷിനെ മന്ത്രിയാക്കാൻ സി.പിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എം.ബി രാജേഷിന് പകരം എ.എൻ ഷംസീർ സ്പീക്കറാകും.

എ.കെ.ജി സെന്‍ററിൽ വെള്ളിയാഴ്‌ച ഉച്ചയ്ക്കുശേഷം ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഗോവിന്ദൻ്റെ രാജിക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെന്നത് സാങ്കേതികത്വം മാത്രമാണ്. മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം തള്ളിക്കളയുന്ന തീരുമാനമാണ് പുറത്തുവന്നത്.

എം.വി ഗോവിന്ദന് പകരം എം.ബി രാജേഷിനെ മന്ത്രിയാക്കിയത് ഒഴിച്ചാൽ മറ്റൊരു അഴിച്ചുപണിയും സി.പി.എം ചർച്ച ചെയ്തില്ല.

എം.വി ഗോവിന്ദൻ രാജിവെച്ചതോടെ കണ്ണൂരിൽ നിന്ന് ഒരാൾ മന്ത്രിയാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. മുഖ്യമന്ത്രി അല്ലാതെ കണ്ണൂരില്‍ വേറെ മന്ത്രിയില്ലാത്തതും ഇത്തരമൊരു സാധ്യതയിലേക്ക് വിരൽ ചൂണ്ടി. പുതിയ മന്ത്രിയെ നിശ്ചയിച്ചെങ്കിലും വകുപ്പുകൾ സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ സിപിഎമ്മിൻ്റെ യുവ മുഖങ്ങളിൽ ഒന്നായ എ.എൻ ഷംസീർ മന്ത്രി സഭയിൽ ഉണ്ടാകുമെന്ന് പലരും കണക്കുകൂട്ടിയിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം സ്പീക്കറായാണ് പാർട്ടി ഷംസീറിനെ പരിഗണിച്ചത്.

കണ്ണൂർ സർവകലാശാലാ യൂണിയൻ്റെ പ്രഥമ ചെയർമാനായാണ് എ.എൻ ഷംസീർ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സുപരിചിതമായ മുഖം ആയത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിണ്ട് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് തൻറെ സംഘടനാ പാടവം ആദ്യഘട്ടത്തിൽ തന്നെ വെളിപ്പെടുത്തി.

ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചു. 2014 ൽ പാർലമെൻറ് തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രനോട് 3000ത്തിൽ പരം വോട്ടുകൾക്ക് വടകരയിൽ പരാജയപ്പെട്ടെങ്കിലും അത് മറ്റൊരു വിജയത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു.

2016ൽ തലശ്ശേരിയിൽ നിന്ന് എ.പി അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തി എ.എൻ ഷംസീർ നിയമസഭയിൽ എത്തി. 2021ൽ ആ വിജയം ആവർത്തിച്ചു. വിവാദങ്ങളുടെ എല്ലാ ഘട്ടങ്ങളിലും പാർട്ടിയെ പ്രതിരോധിക്കാൻ സംവാദങ്ങളിലും പൊതുയോഗങ്ങളിലും, എ.എൻ ഷംസീർ ഉണ്ടായിരുന്നു. കണ്ണൂരിലേക്ക് സ്പീക്കർ സ്ഥാനം കൂടി എത്തുമ്പോൾ എ.എൻ ഷംസീർ അതിനർഹനാണെന്ന് എല്ലാവരും സമ്മതിക്കും.

0Shares