പേരുകള്‍ മാറ്റി, വീടുകള്‍ കത്തിച്ചു; മണിപ്പുരില്‍ മെയ്‌തേയ്‌- കുക്കി വിഭജനം രൂക്ഷമാകുന്നു, സമാധാനത്തിന്‌ മെയ്‌തെയ്‌ സ്‌ത്രീകള്‍ രംഗത്ത്

  • Post category:national / news
  • Reading time:2 mins read
You are currently viewing പേരുകള്‍ മാറ്റി, വീടുകള്‍ കത്തിച്ചു; മണിപ്പുരില്‍ മെയ്‌തേയ്‌- കുക്കി വിഭജനം രൂക്ഷമാകുന്നു, സമാധാനത്തിന്‌ മെയ്‌തെയ്‌ സ്‌ത്രീകള്‍ രംഗത്ത്

ഇംഫാല്‍: മെയ്‌തേയ്‌, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന മണിപ്പൂരില്‍ ഇരുപക്ഷവും തമ്മിലുള്ള അകല്‍ച്ച കൂടുതല്‍ രൂക്ഷമാകുന്നു. കുക്കികള്‍ക്ക് ഭൂരിപക്ഷമുള്ള മലയോര ജില്ലകളില്‍ നിന്ന് മെയ്‌തേയികളും മെയ്‌തേയികള്‍ക്ക് സ്വാധീനമുള്ള താഴ്‌വരയില്‍ നിന്ന് കുക്കികളും ഒഴിഞ്ഞു പോകുകയാണ്‌. ഇംഫാല്‍ നഗരഹൃദയത്തിലുള്ള റസിഡന്‍ഷ്യല്‍ കോളനിക്കു മുമ്പാകെ ‘പെയ്‌തെ വെങ്‌’ എന്നൊരു ബോര്‍ഡ്‌ ഉണ്ടായിരുന്നു. അര്‍ഥം- പെയ്‌തെ കോളനി. കുക്കികളിലെ ഉപവിഭാഗമാണ് പെയ്‌തെ. ഒരാഴ്‌ച മുമ്പ് ഈ ബോര്‍ഡ്‌ മാറ്റി പകരം മെയ്‌തേയ്‌ പേരിലുള്ള പുതിയ ബോര്‍ഡ്‌ സ്‌ഥാപിച്ചു.

കുക്കികളും മെയ്‌തേയികളും സമ്മിശ്രമായി താമസിച്ചിരുന്ന കോളനിയാണിത്‌. എന്നാല്‍, മണിപ്പുര്‍ കലാപത്തിൻ്റെ ആദ്യഘട്ടത്തില്‍ കുക്കികള്‍ക്കുനേരേ ഇവിടെ വ്യാപക ആക്രമണം നടന്നതോടെ അവര്‍ ഒഴിഞ്ഞുപോയി. 70 കിലോമീറ്റര്‍ അകലെ കുക്കികള്‍ക്ക് ഭൂരിപക്ഷമുള്ള ചുരാചന്ദ്‌പുരില്‍ മെയ്‌തേയികളുടെ വീടുകള്‍ക്ക് തീവയ്‌ക്കുകയും ഇടിച്ചുനിരത്തുകയും ചെയ്‌തു. പലയിടത്തും അവസാന ഇഷ്‌ടികപോലും നീക്കി സ്‌ഥലം നിരപ്പാക്കിയെന്നാണ് റിപ്പോര്‍ട്ട്‌.

ചുരാചന്ദ്‌പുര്‍ (മെയ്‌തേയ്‌ പേര്‌) എന്നെഴുതിയ സൈന്‍ ബോര്‍ഡുകള്‍ കരിഓയില്‍ ഒഴിച്ചു മായ്‌ച്ചു. ലാംക (കുക്കി നാമം) എന്നെഴുതിയ സ്‌റ്റിക്കറുകള്‍ ഇതില്‍ പതിക്കുകയും ചെയ്‌തിട്ടുണ്ട്‌. കുക്കികള്‍ ആക്രമിക്കപ്പെട്ട ഇംഫാല്‍ ഈസ്‌റ്റിലെ ന്യൂ ചെക്കോണിലും ബോര്‍ഡുകളിലെ കോളനിയുടെ പേരു മായ്‌ച്ചു.

“ഇംഫാലില്‍ മെയ്‌തേയികള്‍ കുക്കികള്‍ക്ക് നേരേയുള്ള ആക്രമണം തുടരുകയാണ്‌. മറ്റു പലയിടങ്ങളിലും മെയ്‌തികളും ആക്രമിക്കപ്പെടുന്നു. പരസ്‌പരം അംഗീകരിക്കില്ല എന്നു തന്നെയാണ് ഇരുപക്ഷവും നല്‍കുന്ന സന്ദേശം.” -ഒരു ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.

ഇരുവിഭാഗങ്ങളിലെയും സാധാരണക്കാരായ ജനങ്ങള്‍ തമ്മില്‍ ശത്രുത ഇല്ലെന്നും ഭീകരരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഒരു മെയ്‌തി സംഘടനയുടെ വക്‌താവായ ഖുരാജിയാം അതൗബ പറഞ്ഞു. ഭീകര ഗ്രൂപ്പുകളെ തുടച്ചുനീക്കിയാല്‍ സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത്‌ അസാധ്യമാണെന്ന്‌ ഇന്‍ഡിജിനിയസ്‌ ബ്രൈല്‍ ലീഡേഴ്‌സ്‌ ഫോറം (ഐ.ടി.എല്‍.എഫ്‌.) വക്‌താവ്‌ ഗിന്‍സ വൗള്‍സോങ്‌ ചുരാചന്ദ്‌പുരില്‍ പറഞ്ഞു. ” ഇംഫാലിലെ ഗോത്രവര്‍ഗ വീടുകളെല്ലാം കത്തിച്ചു. ആളുകള്‍ കൊല്ലപ്പെട്ടു. ഇതു വംശഹത്യയാണ്‌. ഭയത്തിൻ്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്‌. പൂര്‍ണമായ വിഭജനം മാത്രമാണ്‌ ഏക പരിഹാരം.”-അദ്ദേഹം പറഞ്ഞു.

ഒഴിഞ്ഞുപോയ ജനങ്ങള്‍ അതതു പ്രദേശങ്ങളിലേക്കു മടങ്ങിവരുന്ന കാര്യം ചിന്തിക്കാനാകാത്ത അവസ്‌ഥയാണ്‌ ഇപ്പോഴെന്ന്‌ അധികൃതരും ഇരുവിഭാഗങ്ങളിലുമുള്ള നേതാക്കളും പറയുന്നു. 45 ദിവസമായി തുടരുന്ന മണിപ്പുര്‍ അക്രമങ്ങളില്‍ 120 പേരാണ് കൊല്ലപ്പെട്ടത്‌. 4,000 വീടുകള്‍ അഗ്നിക്കിരയായി. അതിനിടെ, വിഷയത്തില്‍ സംസ്‌ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെതിരായ പ്രതിഷേധത്തിൻ്റെ മുന്‍നിരയിലുള്ള ഗോത്രവര്‍ഗ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇന്‍ഡിജിനിയസ്‌ ബ്രൈല്‍ ലീഡേഴ്‌സ്‌ ഫോറം (ഐ.ടി.എല്‍.എഫ്‌) നേതാക്കളുടെ അക്കൗണ്ടുകളാണ്‌ ബ്ലോക്ക്‌ ചെയ്‌തത്‌.

സമാധാനത്തിന്‌ മെയ്‌തെയ്‌ സ്‌ത്രീകള്‍

ഒരുമാസത്തിലധികമായി ലഹള തുടരുന്ന മണിപ്പൂരില്‍ സമാധാനം പുലര്‍ത്തണമെന്ന ആഹ്വാനവുമായി മെയ്‌തെയ്‌ വിഭാഗക്കാരായ സ്‌ത്രീകള്‍ തെരുവില്‍. കഴിഞ്ഞ 17ന്‌ വൈകിട്ടാണ്‌ മനുഷ്യച്ചങ്ങലയായി അണിചേര്‍ന്ന്‌ സ്‌ത്രീകള്‍ രംഗത്തെത്തിയത്‌. മെഴുകുതിരി കത്തിച്ചും പന്തം കൊളുത്തിയും അക്രമം അവസാനിപ്പിക്കണമെന്ന്‌ അവര്‍ ആഹ്വാനം ചെയ്‌തു.

ഇംഫാല്‍ ഈസ്‌റ്റ്‌, ഇംഫാല്‍ വെസ്‌റ്റ്‌, തൗബാല്‍, കാക്‌ചിങ്‌ ജില്ലകളില്‍ രാത്രി ഏഴുതല്‍ എട്ടുവരെ സ്‌ത്രീകള്‍ പ്രധാന നിരത്തുകളില്‍ അണിനിരന്നു. അക്രമം നിയന്ത്രിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന്‌ പരിപാടിയില്‍ പങ്കെടുത്തവര്‍ ആരോപിച്ചു.

0Shares