
കാസര്‍കോട്: നഗരങ്ങളില്‍ രണ്ടിടത്തായും, നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലുമായി 57 ലക്ഷത്തിന്റെ കുഴപ്പണം പിടിച്ചെടുത്തു. കാസര്‍കോട് കെ. എസ്.ടി.പി റോഡില്‍ നിന്ന് 30 ലക്ഷം രൂപയുമായി അബ്ദുല്‍ ഖാദര്‍ മഹശൂഫ് (35), ഫോര്‍ട് റോഡില്‍ നിന്ന് 9.18 ലക്ഷം രൂപയുമായി മുഹമ്മദ് ഷാഫി (46), എം.എ.റഹ്‌മാന്‍ (51) എന്നിവരാണ് പിടിയിലായത്.
കാസര്‍കോട് ഡി.വൈ.എസ്.പി, പി.കെ.സുധാകരന്‍, ഇന്‍സ്പെക്ടര്‍ പി.അജിത് കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറില്‍ നിന്ന് പണവുമായി ഇവര്‍ അറസ്റ്റിലായത്.

നീലേശ്വരത്ത് നിന്ന് 18 ലക്ഷം രൂപയുമായി ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ.കെ.ഇര്‍ശാദിനേയും അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായാണ് പൊലീസ് പരിശോധന നടത്തിയത്.
