എ.ഐ ക്യാമറയില്‍ ചിത്രം പതിയാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റില്‍ മാസ്‌ക്; വിദ്യാര്‍ത്ഥികളുടെ തരികിട പിടിയിൽ, 500ല്‍ തീരേണ്ട പിഴ 20,000 രൂപയായി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing എ.ഐ ക്യാമറയില്‍ ചിത്രം പതിയാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റില്‍ മാസ്‌ക്; വിദ്യാര്‍ത്ഥികളുടെ തരികിട പിടിയിൽ, 500ല്‍ തീരേണ്ട പിഴ 20,000 രൂപയായി

പത്തനംതിട്ട: എ.ഐ ക്യാമറയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി മാസ്‌ക് ഉപയോഗിച്ച്‌ രജിസ്‌ട്രേഷൻ നമ്പര്‍ മറച്ച ഇരുചക്ര വാഹനത്തിന് വൻ തുക പിഴ. തിരുവല്ലയിലാണ് സംഭവം. മാസ്‌ക് ഉപയോഗിച്ച്‌ മുന്നിലെയും പിന്നിലെയും രജിസ്‌ട്രേഷൻ നമ്പര്‍ മറച്ച ഇരുചക്ര വാഹനമാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്.

നമ്പര്‍ വ്യക്തതയില്ലാതെ പ്രദര്‍ശിപ്പിച്ചതിനും രൂപമാറ്റം വരുത്തിയതിനും സമാന രീതിയില്‍ മറ്റൊരു വാഹനത്തിനെതിരെയും കേസെടുത്തു. കുന്നന്താനം സ്വദേശികളായ വിദ്യാര്‍ത്ഥികൾ ഓടിച്ചതാണ് വാഹനം.

എ.ഐ ക്യാമറയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് റജിസ്‌ട്രേഷൻ നമ്പര്‍ മറച്ചതെന്ന് ഇവര്‍ സമ്മതിച്ചു. രണ്ട് വാഹനങ്ങള്‍ക്കുമായി ഇരുപതിനായിരത്തിലേറെ തുക പിഴ ഈടാക്കുമെന്നും ലൈസൻസ് സസ്‌പെണ്ട് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

മറ്റ് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഈ വാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പോലീസ്, എക്‌സൈസ് എന്നീ വകുപ്പുകള്‍ക്കും വിവരങ്ങള്‍ കൈമാറുമെന്ന് അറിയിച്ചു.

ക്യാമറയില്‍ പതിഞ്ഞിരുന്നുവെങ്കില്‍ 500 രൂപ പിഴ അടച്ച്‌ തീരേണ്ട സംഭവമാണ് ഇപ്പോള്‍ പതിനായിരങ്ങള്‍ അടയ്‌ക്കേണ്ട സാഹചര്യത്തിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിച്ചിരിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നൂറോളം ബൈക്കുകളെ എൻഫോഴ്‌സ്‌മെണ്ട് വിഭാഗം പിടികൂടുകയും മൂന്നര ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും ചെയ്‌തിരുന്നു.

0Shares