
മഞ്ചേശ്വരം കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കാസര്‍കോട് ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ഒന്നാം പ്രതി. സുരേന്ദ്രന് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പടെ ആകെ ആറ് പേരാണ് പ്രതികളായുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയ്ക്ക് സ്ഥാനാര്‍തിത്ഥ്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്‌മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. കെ. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറല്‍ സുനില്‍ നായിക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്‌ണ ഷെട്ടി, ബി.ജെ.പി നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് പ്രതികള്‍. ആറില്‍ അഞ്ചു പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്താനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം.
