ഹരിയാലി മഹോത്സവം; നഗര വനം പദ്ധതിയുടെ ഭാഗമായി കാസര്‍കോട് പള്ളം കണ്ടല്‍ വനപ്രദേശത്ത് കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ഹരിയാലി മഹോത്സവം; നഗര വനം പദ്ധതിയുടെ ഭാഗമായി കാസര്‍കോട് പള്ളം കണ്ടല്‍ വനപ്രദേശത്ത്  കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ചു

കാസർകോട്: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും കേരള വനം വന്യജീവി വകുപ്പും സംയുക്തമായി കാസര്‍കോട് പള്ളം കണ്ടല്‍ വനപ്രദേശത്ത് നഗര വനം പദ്ധതിയുടെ ഭാഗമായി കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് ഹരിയാലി മഹോത്സവം ആഘോഷിച്ചു. ഹരിത മേലാപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ഓര്‍മ്മപ്പെടുത്തുന്നതിനുമായി എഴുപത്തിയഞ്ച് കണ്ടല്‍ തൈകള്‍ വെച്ചു പിടിപ്പിച്ചാണ് മഹോത്സവത്തിന് തുടക്കം കുറിച്ചത്.

രാജ്യത്തെ 200 ഇടങ്ങള്‍ ഹരിയാലി മഹോത്സവത്തിന് തെരഞ്ഞെടുത്തപ്പോള്‍ കാസര്‍കോട് പള്ളം പ്രദേശവും ഉള്‍പ്പെടുത്തുകയായിരുന്നു. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്തര്‍ യാദവ് ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ബിജു അധ്യക്ഷനായി. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. ധനേഷ് കുമാര്‍ നഗര വനം പദ്ധതി വിശദീകരിച്ചു.

റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ സോളമന്‍ തോമസ് ടി. ജോര്‍ജ്, വി. രതീശന്‍, കെ. അഷ്‌റഫ് , വന സംരക്ഷണ സമിതി പ്രവര്‍ത്തകരായ സി.എച്ച് രമേശന്‍, പി.ശശിധരന്‍ നായര്‍, കാസര്‍കോട് ഗവ: കോളജ് എന്‍.എസ് എസ് സെകട്ടറി എ.വൈശാഖ് എന്നിവര്‍ സംസാരിച്ചു. പള്ളം പുഴയോരത്ത് എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍, കാസര്‍കോട് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലിസ് സേനാംഗങ്ങള്‍, നാട്ടുകാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ കണ്ടല്‍ തൈകള്‍ വെച്ചു പിടിപ്പിച്ചു.

0Shares