അടിസ്ഥാന സൗകര്യ വികസനത്തിൽ മാതൃകയായി മംഗൽപാടി താലൂക്ക് ആശുപത്രി; കെട്ടിട നിർമ്മാണ ഉദ്ഘാടനം മന്ത്രി വീണ ജോർജ് ഓൺലൈനിലൂടെ നിർവഹിച്ചു

You are currently viewing അടിസ്ഥാന സൗകര്യ വികസനത്തിൽ മാതൃകയായി മംഗൽപാടി താലൂക്ക് ആശുപത്രി; കെട്ടിട നിർമ്മാണ ഉദ്ഘാടനം മന്ത്രി വീണ ജോർജ് ഓൺലൈനിലൂടെ നിർവഹിച്ചു

കാസറഗോഡ്: മംഗലാപുരം ദേശീയ പാതയുടെ സമീപം സ്ഥിതി ചെയ്യുന്ന പ്രധാന ആശുപത്രിയാണ് മംഗൽപാടി താലൂക്ക് ആശുപത്രി. നിലവിൽ ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ 9 ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. ഡയാലിസിസ് യൂണിറ്റ്, എക്സറെ യൂണിറ്റ്, ക്ഷയ രോഗ പരിശോധനക്കുള്ള ട്രൂ നാറ്റ് സംവിധാനം എന്നീ സേവനങ്ങളും ഈ ആശുപത്രിയിൽ ലഭ്യമാണ്. 2024 ൽ മികച്ച ആശുപത്രിക്കുള്ള കായകൽപ് അവാർഡും ഈ ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രി മംഗൽപാടിയിൽ കോവിഡ് കാലഘട്ടങ്ങളിലും മറ്റു പകർച്ചവ്യാധികളിലെ സമയത്തും രോഗികൾക്ക് സുരക്ഷിതമായ ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി 80 ലക്ഷം രൂപ വിനിയോഗിച്ച് ഐസൊലേഷൻ വാർഡ് പ്രവർത്തനസജ്ജമായിട്ടുണ്ട്. ഉടൻ പ്രവർത്തനമാരംഭിക്കും. 24 ഐ.പി ബെഡ്ഡുകൾ സജ്ജമാണ്. ഐ.സി.ടി.സി സെൻ്റർ പ്രവർത്തിച്ചു വരുന്നു. താലൂക്ക് ആശുപത്രിയിൽ സിവിയേജ് ട്രീറ്റ്മെൻറ് പ്ലാൻറ് സജ്ജമാക്കുന്നതിനായി മൂന്ന് കോടിയുടെ പ്രൊപ്പോസൽ സംസ്ഥാന ഗവൺമെൻറ് സമർപ്പിച്ചിട്ടുണ്ട്.

നവീകരണ പ്രവർത്തിയുടെ ഭാഗമായി മംഗൽപാടി താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ ഉദ്ഘാടനം ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനിലൂടെ നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷനായ എ.കെ.എം അഷറഫ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സന്തോഷ്‌ ബി റിപ്പോർട്ട്‌ അവതരണം നടത്തി. മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റുബീന നൗഫൽ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജീൻ ലവിനാ മോണ്ടിറോ, മഞ്ചേശ്വരം ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ എ ഷംസീന, മംഗൽപാടി വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇക്ബാൽ, അസീസ് മരികെ, സാദിഖ് ചെറുഗോളി, എച്ച് എം സി അംഗങ്ങൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാർ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് എം ഷമീന ടീച്ചർ സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അശോക് കെ നന്ദിയും പറഞ്ഞു.

0Shares