
കാസർകോട്: കെ.റെയിലിനു വേണ്ടി നിലവിലെ അലൈൻമെൻ്റ് പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ കാസർകോട് തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയോട് ചേർന്നുള്ള ഖബർസ്ഥാനും അനുബന്ധ സ്ഥാപനങ്ങളും അനാഥ/അഗതി സംരക്ഷണം നടത്തി വരുന്ന മാലിക് ദീനാർ യതീംഖാനയും ബദർ മസ്ജിദും ദഖീറത്ത് ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പെടുന്ന കെട്ടിടവും അനേകം ജനവാസസ്ഥലവും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവാൻ പോവുന്നതെന്നും ആയതിനാൽ കെ.റെയിൽ അലൈൻമെൻ്റിൽ മാറ്റം വരുത്തണമെന്ന് പള്ളി കമ്മിറ്റി ഹാളിൽ ചേർന്ന മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കൗൺസിലിൻ്റെയും 20 അംഗ ജമാഅത്ത് ഭാരവാഹികളുടേയും ദഖീറത്ത് ഉഖ്റ സംഘം പ്രവർത്തക സമിതിയുടേയും സംയുക്ത യോഗം ആവശ്യപ്പെട്ടു.

ഖബർസ്ഥാനും പള്ളിയുടെ സ്ഥലവും ഇല്ലാതാന്ന സാഹചര്യം വിശ്വാസികളിൽ വലിയ തോതിൽ വൈകാരിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി.നിലവിലെ അലൈൻമെൻറിൽ മാറ്റം വരുത്തുന്നത് വരെ മാലിക് ദീനാർ പള്ളിയുടെയും ദഖീറത്ത് ഉഖ് റാ സംഘത്തിൻ്റെയും ഭൂമികളിൽ കല്ലിടൽ നടപടികൾ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം തടയാൻ നിർബന്ധിതരാവുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
തുടർ പരിപാടികൾ കാസർകോട് സംയുക്ത ഖാസി പ്രൊഫസർ കെ.ആലിക്കുട്ടി മുസ്ല്യാരുടെ ഉപദേശ നിർദ്ദേശങ്ങൾ അനുസരിച്ച് തീരുമാനിക്കും. കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.ഇ.അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു. പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എ.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. മാലിക് ദീനാർ പള്ളി ഖത്തീബ് കെ.എം.അബ്ദുൾ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു.

ടി.എ.അബ്ദുൾ സത്താർ ഹാജി, കെ.എം.അബ്ദുൾ റഹ്മാൻ, ടി.എ.ശാഫി, അഡ്വ.വി.എം.മുനീർ, അഹമ്മദ് ഹാജി അങ്കോല, കെ.എം.ബഷീർ, ഹസൈനാർ ഹാജി തളങ്കര, കെ.എച്ച് അഷ്റഫ്, എന്.കെ.അമാനുള്ള, വെൽകം മുഹമ്മദ്, മീത്തൽ അബ്ദുള്ള, പി.എ.റഊഫ്, ബി.യു. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
