
ഷാഫി തെരുവത്ത്
കാസർകോട്: ഇന്ത്യോനേഷ്യയിലെ ജക്കാർത്തയിൽ ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളികൾക്കൊപ്പം തളങ്കര സ്വദേശികളും. ഭക്ഷണമോ താമസ സൗകര്യമോ ഇല്ലാതെ ദുരിത ജീവിതത്തിലായിട്ട് മൂന്ന് മാസം പിന്നിടുന്നു. സന്ദർശക വിസയിലും ചെറിയ ജോലിക്കായി എത്തിയ 100 ലധികം മലയാളികളടക്കമുള്ളവർ വലിയ ദുരിതത്തിലാണ്.കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ളവരും ഇന്ത്യയിലെ വിവിധ സംസ്ഥാനത്തിലുള്ളവരും ദുരിതക്കയത്തിലാണെന്ന് തളങ്കര സ്വദേശികളായ നവാസ്, സുബൈർ എന്നിവർ പറയുന്നു.
ഇവർ കുടുങ്ങിയതായുള്ള വിവരം തെരുവത്ത് കോയാസ് ലൈനിലെ ഹാരി സാണ് ഇന്നലെ മൊബൈൽ ഫോണിലൂടെ അറിയിക്കുകയും നവാസിന്‍റെ വാട്സാപ്പ് നമ്പറും അയച്ച് തരുന്നത്. തുടർന്ന് ബന്ധപ്പെട്ടപ്പോഴാണ് ദുരിതകഥ വിവരിക്കുന്നത്. ഇരുവരും മാസങ്ങൾക്ക് മുമ്പാണ് ജോലിക്കായി ഇന്ത്യോനേഷ്യയിൽ എത്തുന്നത്. പലരും നാട്ടിൽ വരാനുള്ള തയ്യാറെടുപ്പിനിടയിലാണ് കോവിഡ് – 19 രോഗവ്യാപനമുണ്ടായത്.തുടർന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവ്വീസുകൾ അധികൃതർ നിർത്തിവെക്കുകയായിരുന്നു.

വിമാന സർവീസുകൾ ശരിയാവുമെന്ന പ്രതീക്ഷയിൽ തന്നെയാണ് എല്ലാവരും കഴിഞ്ഞ് വന്നിരുന്നത്. കൈയിലുണ്ടായിരുന്ന പണം തീർന്നതോടെ പലരും വലിയ പ്രതിസന്ധിയിലാവുകയായിരുന്നു. താമസ-ഭക്ഷണ സൗകര്യങ്ങളും അപര്യാപ്തമായതോടെ ദിവസങ്ങൾ പിന്നിടുന്നതോടെ വലിയ ദുരിതത്തിലാവുകയായിരുന്നു. ഇന്ത്യോനേഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് ഡയറക്ട് വിമാന സർവീസുകളില്ല. മലേഷ്യയിലേക്കാണ് ഉണ്ടായിരുന്നതെന്ന് നവാസ് പറയുന്നു.
797 പോലുള്ള വലിയ ബോയിംഗ് വിമാനങ്ങൾ ചാർട്ടട് ചെയ്യാനുള്ള സാമ്പത്തിക പ്രയാസങ്ങളുമുണ്ട്. ഒരാൾക്ക് ഒന്നര ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ഇതിനായി കരുതേണ്ടി വരും. പലർക്കും ചിന്തിക്കാവുന്ന കാര്യമല്ല. ഭക്ഷണം വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ, വീടുമായി ബന്ധപ്പെട്ട് ഞങ്ങൾ സുരക്ഷിതരാണെന്ന് അറിയിക്കുന്നുണ്ടെങ്കിലും കോവിഡ് ആർക്കെങ്കിലും വന്നാൽ പിന്നീട് സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാവുമെന്ന ഭയവും എല്ലാവരുടെ മുഖത്തും നിഴലിക്കുന്നുണ്ട്.
കേരള സമാജം ഭാരവാഹികളും സഹായത്തിന് മുൻപന്തിയിലുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർക്ക് ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. സാമാധാനപ്പെടാനാണ് തങ്ങൾ പറഞ്ഞെതെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണൽ സെക്രട്ടറിയുമായി ബന്ധപ്പെടാൻ നിർദ്ദേശം തന്നതായും നവാസ് പറഞ്ഞു. പുറത്തിറങ്ങാൻ കഴിയുന്നില്ല. കോവിഡ് സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.പല ട്രാവൽ ഏജൻസികളുമായും വിമാന കമ്പനികളുമായും ബന്ധപ്പെടുകയാണ്.
ഇന്ത്യോനേഷ്യയിൽ മലയാളികളും ഇന്ത്യക്കാരടക്കം നിരവധി പേരുണ്ട്. അതിൽ ഭൂരിഭാഗവും ഉയർന്ന ജോലിയിലും കുടുംബസമേതവുമാണ് കഴിയുന്നത്. ഇടനിലക്കാരാണ് ഇപ്പോൾ ഏറ്റവുമധികം ദുരിതത്തിലായത്. ഒറ്റപ്പെട്ടവരേ ചേർത്ത് നിർത്തി ഇപ്പോൾ ” ഇന്ത്യൻ സിറ്റസൺ ” എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ ഇന്ത്യൻ എംബസിയുടെ നമ്പറും ചേർത്തിട്ടുണ്ട്. ഇതിലൂടെയാണ് എല്ലാവരും ആശയ വിനിമയം നടത്തുന്നത്. നാളെയെങ്കിലും നാടണയാനുള്ള പ്രതീക്ഷയിലാണ് എല്ലാവരും അതിനായി അധികൃതരുടെ കനിവ് തേടുകയാണ് കാസർകോട് അടക്കമുള്ള മലയാളികളും ഇന്ത്യക്കാരും.
