
സ്വന്തം മകളെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസുകാരനായ പിതാവ് അറസ്റ്റിൽ. മലപ്പുറം മങ്കട കൂട്ടിൽ ചേരിയം സ്വദേശി മുണ്ടേടത്ത് അബ്ദുൽവാഹിദ് (33) ആണ് അറസ്റ്റിലായത്. എറണാകുളം ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ കമാണ്ടറാണ് ഇയാൾ. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിക്കുന്ന യുവതി നാല് വയസായ മകളെ മഞ്ചേരി കച്ചേരിപ്പടിയിലെ സ്വകാര്യ സ്‌കൂളിൽ എൽ. കെ. ജിയിൽ ചേർത്തിരുന്നു. കഴിഞ്ഞ 18ന് സ്‌കൂളിലെത്തിയ പിതാവ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മാതാവിൻ്റെ യോ സ്‌കൂൾ അധികൃതരുടെയോ സമ്മതമില്ലാതെ കുട്ടിയെ ബുള്ളറ്റിൽ കയറ്റി ബലമായി കൊണ്ടുപോവുകയിരുന്നു.

ഇതിന് പിന്നാലെ കുട്ടിയെ മാതാവിൻ്റെ വീടിനടുത്തുള്ള റോഡിൽ ഉപേക്ഷിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. സ്‌കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മാതാവ് മഞ്ചേരി പൊലീസിൽ പരാതി നൽകി. എസ്. ഐ റിയാസ് ചാക്കീരിയാണ് അബ്ദുൽ വാഹിദിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊണ്ടുപോകാനുപയോഗിച്ച ബുള്ളറ്റ് ബൈക്കും കസ്റ്റഡിയിലെടുത്തു.
മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. കോടതി അടുത്തമാസം രണ്ടുവരെ റിമാൻഡ് ചെയ്ത് മഞ്ചേരി സ്‌പെഷ്യൽ സബ് ജയിലിലേക്കയച്ചു.
