
പ്രമുഖ വ്യവസായിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കോ ചെയര്‍മാനുമായ പി.എ ഇബ്രാഹിം ഹാജി (78) അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ദുബായ് ഹെൽത്ത് കെയര്‍ സിറ്റിയില്‍ പ്രവേശിപ്പിച്ച ഇബ്രാഹിം ഹാജിയെ തിങ്കളാഴ്ചയാണ് കോഴിക്കോട് മിംസിലേക്ക് മാറ്റിയത്.
ഇന്‍ഡസ് മോട്ടോര്‍സ് സ്ഥാപകനും വൈസ് ചെയര്‍മാനുംകൂടിയായിരുന്ന ഇബ്രാഹിം ഹാജി പേസ് ഗ്രൂപ്പ് ചെയര്‍മാന്‍ സെഞ്ചുറി ടൂര്‍സ് ആന്‍ഡ് ട്രാവല്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികളും അലങ്കരിച്ചിരുന്നു. മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടറും കൂടിയാണ്.

1943 സെപ്റ്റംബര്‍ ആറിന് കാസര്‍കോട് പള്ളിക്കരയില്‍ അബ്ദുല്ല ഹാജിയുടെയും ആയിശയുടെയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ് ഗള്‍ഫിലേക്ക് എത്തുന്നത്. പിന്നീട് ടെക്‌സ്‌റ്റൈല്‍, ജ്വല്ലറി, ഗാര്‍മെന്റ്‌സ് മേഖലയില്‍ വ്യവസായം കെട്ടിപ്പടുത്തു. 1999ല്‍ പേസ് ഗ്രൂപ്പിലൂടെയാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെച്ചത്.
ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരുമുള്ള വലിയ ഗ്രൂപ്പായി ക്രമേണ പേസ് ഗ്രൂപ്പ് വളര്‍ന്നു. 25 രാജ്യങ്ങളിലെ 20000ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. ഇന്ത്യ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലാണ് പേസ് ഗ്രൂപ്പിന് സ്ഥാപനങ്ങളുള്ളത്. യു.എ.ഇ എന്ന രാജ്യത്തിൻ്റെ രൂപീകരണം ദുബായിയില്‍ ഇരുന്നു കൊണ്ട് ആഘോഷിച്ച അപൂര്‍വ മലയാളികളില്‍ ഒരാളാണ് ഇബ്രാഹിം ഹാജി.
ഗള്‍ഫിലെ സത്യ സന്ധമായ ബിസിനസ് നടത്തിപ്പിൻ്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഇബ്രാഹിം ഹാജി . പ്രവാസി സംഘടനകളെയും പ്രവാസ ലോകത്തെ മനുഷ്യരെയും എന്നും സഹായിക്കാൻ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു.
കേരളത്തില്‍ കണ്ണൂര്‍ റിംസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, മഞ്ചേരി പേസ് റെസിഡന്‍ഷ്യല്‍സ് സ്‌കൂള്‍ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മംഗലാപുരത്ത് അഞ്ച് സ്ഥാപനങ്ങളുണ്ട്. മുസ്‍ലിംലീഗ്, കെ. എം. സി. സി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.