ബസ് വിടുന്നതിന് തൊട്ട് മുമ്പ് മാത്രം കയറാൻ അനുവാദം; സീറ്റ് ഒഴിവാണെങ്കിലും ഇരിക്കാൻ അനുവാദമില്ല, വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ ദുരിതയാത്ര

  • Post category:local news / news
  • Reading time:2 mins read
You are currently viewing ബസ് വിടുന്നതിന് തൊട്ട് മുമ്പ് മാത്രം കയറാൻ അനുവാദം; സീറ്റ് ഒഴിവാണെങ്കിലും ഇരിക്കാൻ അനുവാദമില്ല, വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ ദുരിതയാത്ര

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളും സ്കൂളില്‍ എത്താന്‍ ആശ്രയിക്കുന്നത് ബസുകളെയാണ്. ബസുകളില്‍ കിടന്നും തൂങ്ങിയും സമയത്തിന് സ്കൂളിലെത്താന്‍ അതിസാഹസികമായി യാത്ര ചെയ്തിട്ടുള്ളവരാണ് ഓരോരുത്തരും.

രാവിലെ സ്കൂളിലേക്ക് ഇറങ്ങുന്ന ഓരോ ശരാശരി വിദ്യാര്‍ത്ഥിയുടെയും പ്രാര്‍ത്ഥന എന്തായിരിക്കും ? കൃത്യസമയത്ത് സ്കൂളില്‍ എത്തണെ എന്നോ അതോ കൃത്യസമയത്ത് ബസ് കിട്ടണേ എന്നോ.? സംശയമേ വേണ്ട ആ പ്രാര്‍ത്ഥന കൃത്യ സമയത്ത് ബസ് കിട്ടണം എന്ന് തന്നെ ആയിരിക്കും. കാരണം അത്രമേല്‍ പരിതാപകരമാണ് പ്രൈവറ്റ് ബസുകള്‍ ആശ്രയിച്ച്‌ സ്കൂളുകളിലേക്ക് എത്തുന്ന വിദ്യര്‍ത്ഥികളുടെ കാര്യം.

സമയത്തിന് സ്കൂളില്‍ എത്താന്‍ ആഗ്രഹിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും നിരാശ ആയിരിക്കും ഫലം. കാരണം ഒന്നാമത്തെ പ്രശ്നം പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ബസ് ചവിട്ടി കൊടുക്കില്ല എന്നതാണ്. ബസിനെ സംബന്ധിച്ചെടുത്തോളം ഒരു കുട്ടിയില്‍ നിന്ന് കിട്ടുന്ന ഒന്നോ രണ്ടോ രൂപയെക്കാള്‍ കൂടുതല്‍ കിട്ടും ഒരു യാത്രക്കാരനില്‍ നിന്ന്. അതുകൊണ്ട് തന്നെ തുച്ഛമായ കണ്‍സെഷനില്‍ യാത്രയ്ക്ക് എത്തുന്ന വിദ്യാത്ഥികളെ കുത്തി നിരക്കുന്നതിലും അവര്‍ ഇഷ്ടപ്പെടുക തീര്‍ച്ചയായും പരമാവധി മറ്റു യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ ആകും.

പലപ്പോഴും ബസ് നിര്‍ത്താതെ പോകും. നിര്‍ത്തിയാല്‍ തന്നെ കണ്ടക്ടറുടെയും എന്തിന് ബസിലെ കിളിയുടെയും വരെ ചീത്തയും കേട്ട് അതിലൊന്ന് കേറി പറ്റുക ശ്രമകരമായ കാര്യമാണ്. സമയത്തിന് സ്കൂളില്‍ എത്താന്‍ അവിടെയും അധ്യാപകരുടെ ചീത്ത വിളി ഒഴിവാക്കാന്‍ ബസിന്‍റെ ചവിട്ടു പടിയില്‍ തൂങ്ങിയാടി വരുന്ന വിദ്യാര്‍ത്ഥി നടത്തുന്നത് ജീവന്‍ മരണ പോരാട്ടമാണ്.

അങ്ങോട്ടുള്ള യാത്രയെപോലെ തന്നെ കഷ്ടപ്പാടാണ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് എത്താനും. കടന്നല്‍ കൂട്ടം ഇളകി നില്‍ക്കുന്ന പോലെ നില്‍ക്കുന്ന കുട്ടി കൂട്ടത്തിനു മുന്നില്‍ ബ്രേക്ക് ഒന്ന് ചവിട്ടണമെങ്കില്‍ ഡ്രൈവറിന്റെ മഹാമനസ്സ് എന്ന് തന്നെ പറയേണ്ടി വരും. 4 മണിക്ക് ക്ലാസ് കഴിഞ്ഞാലും മണിക്കൂറുകള്‍ വൈകി ആയിരിക്കും കുട്ടികള്‍ വീട്ടിലെത്തുന്നത്. സ്വകാര്യ ബസുകള്‍ക്ക് വിദ്യാര്‍ഥികളെ കയറ്റാന്‍ മടിയാണ്. സ്റ്റോപ്പില്‍ നിര്‍ത്താതെ ഒരുപാട് മാറ്റിനിര്‍ത്തിയാണു യാത്രക്കാരെ ഇറക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഓടി ബസിന് അടുത്തെത്തുമ്പോൾ വിട്ടുപോകും.

ബസിലാണ് വിദ്യാര്‍ഥികള്‍ ഭൂരിഭാഗവും സ്കൂളില്‍ പോകുന്നത്. പല സ്വകാര്യ ബസുകളും കണ്‍സഷന്‍ തുക കുറവായതുകൊണ്ട് കുട്ടികളെ കയറ്റില്ല. രാവിലെ കുട്ടികള്‍ സ്കൂളില്‍ എത്താന്‍ വൈകുന്നതോടെ ഒടുവില്‍ മാതാപിതാക്കള്‍ക്ക് മറ്റു ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നു.

ഒരുകാലത്ത് അറവ് മാടുകളെ പോലെ വിദ്യാര്‍ത്ഥികളെ കുത്തി നിറച്ച്‌ അപകടം ഉണ്ടാക്കിയിരുന്ന സ്കൂള്‍ ബസുകള്‍ വലിയ ചര്‍ച്ചയായിരുന്നു. സമാനമായ സംഭവങ്ങള്‍ തന്നെയാണ് സ്വകാര്യ ബസുകളിലും സംഭവിക്കുന്നത്. ജീവന് അപകടം ഉണ്ടാക്കുന്ന രീതിയിലാണ് അള്ളിപ്പിടിച്ച്‌ വിദ്യാര്‍ത്ഥികള്‍ പോകുന്നത്. എങ്ങനെയെങ്കിലും സമയത്തിന് എത്തണം എന്നുള്ള വിചാരത്തില്‍ കുട്ടികള്‍ സ്വന്തം സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നുമില്ല. വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പല വിദ്യാര്‍ത്ഥി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും ഈ ദുരവസ്ഥക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും മുന്നോട്ട് വരുന്നുമില്ല. വിദ്യാര്‍ത്ഥികള്‍ അവരുടെ ദുരിത യാത്ര തുടരുകയാണ്.

ഓട്ടോറിക്ഷകളും മിനി വാനുകളും അടക്കം വിദ്യാര്‍ഥികളെ സ്കൂളുകളിലേക്ക് എത്തിക്കുന്ന സമാന്തര വാഹനങ്ങള്‍ പലതും ഇത്തവണ ‘സ്കൂളിലേക്ക്’ തിരിച്ചെത്തത് പിന്നെയും വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണ്. സ്കൂള്‍ ഓട്ടം ഓടിയാല്‍ ചെലവു കാശു പോലും കിട്ടില്ലെന്നാണ് പല വാഹന ഉടമകളും പറയുന്നത്. ഇതോടെ വിദ്യാര്‍ഥികളെ ഇത്തരം വാഹനങ്ങളില്‍ അയച്ചിരുന്നവര്‍ പ്രതിസന്ധിയിലായി. ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് രാവിലെയും വൈകിട്ടും സ്കൂളിലെത്തി വിദ്യാര്‍ഥികളെ കൂട്ടിക്കൊണ്ടു പോകുന്നതും ഏറെ ബുദ്ധിമുട്ടാണ്.

0Shares