ഭക്തിയുടെ നിറവിൽ പൊന്നമ്പല മേട്ടിൽ മകരജ്യോതി മിന്നി തെളിഞ്ഞു; ദർശനപുണ്യം നേടി അയ്യപ്പഭക്തർ

You are currently viewing ഭക്തിയുടെ നിറവിൽ പൊന്നമ്പല മേട്ടിൽ മകരജ്യോതി മിന്നി തെളിഞ്ഞു; ദർശനപുണ്യം നേടി അയ്യപ്പഭക്തർ

പത്തനംതിട്ട: പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്തിയുടെ നിറവിൽ പതിനായിര കണക്കിന് ഭക്തർക്ക് ദർശനപുണ്യം നേടി. വൈകിട്ട് 6.45 സമയത്ത് ശ്രീകോവിൽ നട തുറന്ന് ദീപാരാധനയെ തുടർന്ന് ഭക്തജനങ്ങൾ മകരജ്യോതി ദർശനത്തിനായി കാത്തുനിന്നു. 6.47 കഴിഞ്ഞ് മൂന്ന് തവണ മകരജ്യോതി മിന്നിമാഞ്ഞു.

ഭക്തലക്ഷങ്ങളുടെ ശരണം വിളികളാൽ മുഖരിതമായിരുന്നു സന്നിധാനം. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്ത് നിന്ന് ശനിയാഴ്‌ച പുറപ്പെട്ട ഘോഷയാത്ര തിങ്കളാഴ്‌ച വൈകിട്ട് 6.15ഓടെയാണ് ശരംകുത്തിയിൽ എത്തിയത്.

ദേവസ്വം ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി കയറിയെത്തിയ തിരുവാഭരണ പേടകത്തെ കൊടിമര ചുവട്ടിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

സോപാനത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും ചേർന്ന് പേടകത്തെ സ്വീകരിച്ച് ശ്രീകോവിലിന് ഉള്ളിലേക്ക് എടുത്തു. തുടർന്നായിരുന്നു തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന.

തിരുവാഭരണം ചാർത്തി വരുന്ന 18 വരെ അയ്യപ്പനെ ദർശിക്കാം. 19ന് വരെയാണ് നെയ്യഭിഷേകം. അന്നേ ദിവസം മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 20ന് രാത്രി 10ന് മാളികപ്പുറത്ത് വലിയ ഗുരുതി. 20ന് രാത്രി നട അടയ്ക്കും വരെ ദർശനമുണ്ടാകും.

21ന് പുലർച്ചെ ആണ് തിരുവാഭരണ പേടകം പന്തളത്തേക്കുള്ള മടക്കയാത്ര തുടങ്ങുന്നത്. പേടകത്തെ യാത്രയാക്കിയ ശേഷം അയ്യപ്പ വിഗ്രഹത്തിൽ ഭസ്‌മ അഭിഷേകം നടത്തി യോഗദണ്ഡും രുദ്രാക്ഷമാലയും ധരിപ്പിച്ച് നട അടയ്ക്കും.

0Shares