
കാസർകോട്: അജൈവ മാലിന്യ നീക്കത്തില്‍ വന്‍ കുതിപ്പുമായി ജില്ല. ക്ലീന്‍ കേരള കമ്പനി കഴിഞ്ഞ വര്‍ഷം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നീക്കം ചെയ്തത്. 1092.2 ടണ്‍ അജൈവ മാലിന്യം. തരംതിരിച്ച പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ മാത്രം 375 ടണ്ണുണ്ട്. ഗ്ലാസ് മാലിന്യങ്ങള്‍ 76.69 ടണ്ണും എം.എല്‍.പി മാലിന്യം (മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക് ) 27.344 ടണ്ണും പുനരുപയോഗിക്കാന്‍ പറ്റാത്ത പറ്റാത്ത പാഴ് വസ്തുക്കള്‍ 606.23 ടണ്ണും നീക്കം ചെയ്തു. തദ്ദേശ സ്ഥാപനങ്ങള്‍ വഴി പാഴ് വസ്തുക്കള്‍ തരംതിരിച്ച് നീക്കം ചെയ്ത ഇനത്തില്‍ ഹരിത കര്‍മ സേനാ അംഗങ്ങള്‍ക്ക് 28.52ലക്ഷം രൂപ കൈമാറി.
തദ്ദേശ സ്ഥാപനങ്ങളുടെ എം.സി.എഫ് ( മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) സെന്ററുകളില്‍ നിശ്ചിത ഇടവേളകളില്‍ ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കള്‍ ഹരിത കര്‍മസേന തരംതിരിച്ച് നല്‍കും. തുടര്‍ന്ന് കമ്പനി ഓരോ ഇനത്തിനും അതിനനുസരിച്ചുള്ള മാര്‍ക്കറ്റ് വില നല്‍കും. ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുനഃചംക്രമണ യോഗ്യമല്ലാത്ത അജൈവ പാഴ് വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനി സംസ്‌കരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ വീടുകളില്‍ വാതില്‍പ്പടി സേവനത്തിലൂടെ ഹരിതകര്‍മ സേന ശേഖരിക്കുന്ന പാഴ് വസ്തുക്കളാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നത്. തരംതിരിച്ചവ പുനഃചംക്രമണത്തിനായി ഏജന്‍സിക്ക് കൈമാറും. നിഷ്‌ക്രിയ മാലിന്യങ്ങള്‍ അഥവാ പുനരുപയോഗിക്കാന്‍ പറ്റാത്ത മാലിന്യങ്ങള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ചട്ടപ്രകാരം സിമന്റ് ഫാക്ടറിയിലേക്കോ സയിന്റിഫിക് ലാന്‍ഡ് ഫില്ലിലേക്കോ കൈമാറും. ഇവ കൊണ്ടുപോകുന്നത് ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളിലായതിനാല്‍ മാലിന്യങ്ങള്‍ പ്രസ്തുത സ്ഥലത്തെത്തിയത് ഉറപ്പിക്കാനും സാധിക്കുന്നു.
ശുചിത്വ പരിപാലന രംഗത്ത് സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനും അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ പുനഃചംക്രമണത്തിനും സംസ്‌കരണത്തിനും ഉതകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ക്ലീന്‍ കേരള കമ്പനി. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലാണ് കമ്പനിയുടെ പ്രവര്‍ത്തനം.

ആര്‍.ആര്‍.എഫ് ഒരു വര്‍ഷത്തിനകം
ജില്ലയില്‍ ശേഖരിക്കുന്ന പാഴ്വസ്തുക്കള്‍ പുനഃചംക്രമണം ചെയ്യാനും ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാനും ജില്ലയില്‍ ആര്‍.ആര്‍.എഫ് (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) നിര്‍മിക്കും. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ക്ലീന്‍ കേരള കമ്പനിക്ക് അനുവദിച്ച തുക ചെലവഴിച്ചാണ് ആര്‍.ആര്‍.എഫ് നിര്‍മിക്കുന്നത്.
ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിലുള്ള അനന്തപുരം വ്യവസായിക ഏരിയയില്‍ ഇതിനായി ഒരേക്കര്‍ സ്ഥലം കണ്ടെത്തി. ഹിന്ദുസ്ഥാന്‍ ലാറ്റക്സിനാണ് നിര്‍മാണ ചുമതല. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാകുമെന്ന് ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ മിഥുന്‍ ഗോപി പറഞ്ഞു.
