
രാജിക്ക് ഒരുങ്ങി മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുഖ്യമന്ത്രിയുടെ വസതി ഉടൻ ഒഴിയും. രാജി കത്ത് തയ്യാറാണെന്നും ഉദ്ദവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
താക്കറെയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടു പോകും. ചില എം.എൽ.മാരെ കാണാനില്ല. ചിലരെ സൂറത്തിൽ കണ്ടു. ചില എം.എൽ.എമാര്‍ തിരികെ വരാൻ ആശിക്കുന്നുണ്ടെന്നും ഉദ്ധവ് പറഞ്ഞു.
ശിവസേന പിളര്‍പ്പിലേയ്ക്ക് നീങ്ങുകയാണ്. ഗുവാഹത്തിയിൽ തങ്ങുന്ന 34 വിമത എം.എൽ.എമാര്‍ ഏകനാഥ് ഷിന്‍ഡേയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.

ഇക്കാര്യമറിയിച്ച് ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നൽകി. പുതിയ ചീഫ് വിപ്പിനെയും തെരഞ്ഞെടുത്തു, ശിവസേന വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കണമെന്ന് ഉധവ് താക്കറെയുടെ അന്ത്യശാസനം തള്ളിക്കൊണ്ടാണ് വിമതര്‍ നീക്കം ശക്തമാക്കിയത്.
ഇതോടെ അഞ്ചു മണിക്ക് വിളിച്ചിരുന്ന യോഗം ശിവസേന ഉപേക്ഷിച്ചു. നിയമസഭാ പിരിച്ചുവിടുന്നതിലേയ്ക്ക് സ്ഥിതി നീങ്ങുന്നുവെന്ന് പാര്‍ട്ടി എം.പി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തെങ്കിലും മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. അധികാരം പോയാലും പോരാടുമെന്ന് ശിവസേന അറിയിച്ചു.
