
മധൂർ / കാസർകോട്: ബി.ജെ.പി ഭരിക്കുന്ന മധൂർ പഞ്ചായത്തിൽ നടക്കുന്ന സ്വജന പക്ഷപാതത്തിനും ക്രമക്കേടിനും വികസനത്തിലെ വിവേചനത്തിനുമെതിരെയായിരുന്നു എൽ.ഡി.എഫ് പ്രതിഷേധം. ബി.ജെ.പി മെമ്പർമാരുടെ വാർഡിലേക്ക് 10- 15 ഉം ലക്ഷം രൂപ വികസന ഫണ്ടായി അനുവദിക്കുമ്പോൾ മറ്റു വാർഡുകളിൽ 5 മുതൽ 6 ലക്ഷം രൂപവരെ മാത്രമാണ് നൽകുന്നത്.

സ്ട്രീറ്റ് ലൈറ്റ്, കുടിവെള്ള പദ്ധതികളും വ്യക്തിഗത ആനുകൂല്യങ്ങളുമെല്ലാം നൽകുമ്പോൾ വിവേചനം കാണിക്കുന്നു. ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം പഞ്ചായത്തിൻ്റെ പ്രവർത്തനം താറുമാറാകുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചത്.

പഞ്ചായത്തിൽ നിലവിൽ കമ്യൂണിറ്റി ഹാളുണ്ടായിരിക്കെ പശ്ചാത്തല വികസനത്തിന് ഉപയോഗിക്കേണ്ട 45 ലക്ഷം രൂപ വീണ്ടും കമ്യൂണിറ്റി ഹാളിനായി അനുവദിച്ചതിന് പിന്നിൽ അഴിമതിയുള്ളതായും എൽ.ഡി.എഫ് ആരോപിക്കുന്നു. ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി.
