അബൂദാബിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പണവുമായി മുങ്ങി; കണ്ണൂര്‍ സ്വദേശിയായ ജീവനക്കാരന്‍ അറസ്റ്റില്‍

  • Post category:Gulf / news
  • Reading time:1 min read
You are currently viewing അബൂദാബിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പണവുമായി മുങ്ങി; കണ്ണൂര്‍ സ്വദേശിയായ ജീവനക്കാരന്‍ അറസ്റ്റില്‍

അബുദാബി: അബൂദാബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പണവുമായി മുങ്ങിയ മലയാളിയായ ജീവനക്കാരനെ അറസ്റ്റ് ചെയ്‌തു. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പുതിയപുരയില്‍ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്‌തത്.

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫിസ് ഇന്‍ ചാര്‍ജായിരുന്ന നിയാസ്. ജോലി ചെയ്‌തു വരെവെയാണ് ഇയാള്‍ ആറ് ലക്ഷം ദിര്‍ഹവുമായി മുങ്ങിയത്. ഉടന്‍ തന്നെ ലുലു ഗ്രൂപ്പ് അബുദാബി പോലീസില്‍ പരാതി നല്‍കി. മാര്‍ച്ച്‌ 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസ് ജോലിക്ക് വന്നില്ല, സഹപ്രവര്‍ത്തകരും ലുലു അധികൃതരും ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ഡ് ഓഫുമായിരുന്നു. തുടര്‍ന്ന് കൗണ്ടറില്‍ നടത്തിയ പരിശോധനയില്‍ ആറ് ലക്ഷം ദിര്‍ഹത്തിൻ്റെ കുറവ് കണ്ടെത്തി.

ക്യാഷ് ഓഫിസില്‍ ജോലി ചെയ്യുന്നതിനാല്‍ നിയാസിൻ്റെ പാസ്‌പോര്‍ട്ട് കമ്പനിയായിരുന്നു സൂക്ഷിച്ചത്. അതുകൊണ്ട് നിയാസ് യു.എ.ഇയില്‍ നിന്ന് പോകാനുള്ള സാധ്യത കുറവാണെന്ന് അധികൃതര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റെക്കോര്‍ഡ് വേഗത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. നിയാസ് 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്‌തിരുന്നത്.

എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ട് മക്കളും നിയാസിന് ഒപ്പമാണ് താമസിച്ചിരുന്നത്. നിയാസിൻ്റെ തിരോധാനത്തിന് ശേഷം ഇവര്‍ മറ്റാരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് മുങ്ങുകയും ചെയ്‌തു. തുടര്‍ന്ന് എംബസി മുഖേന നിയാസിനെതിരെ കേരള പോലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു.

0Shares