
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി നാല് ലക്ഷത്തോളം രൂപയും സ്വര്‍ണവും കൈക്കലാക്കിയ യുവാവ് പിടിയില്‍. കണ്ണൂര്‍ നീര്‍ച്ചാല്‍ ജുമാ മസ്ജിദിന് സമീപം മുസ്തഫ മന്‍സിലില്‍ മുഹമ്മദ് അജ്മലാണ് (25) പനങ്ങാട് പൊലീസിൻ്റെ പിടിയിലായത്. മത്സ്യവ്യാപാരിയായ പിതാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം പെണ്‍കുട്ടി ഇയാള്‍ക്ക് നല്‍കുകയായിരുന്നു.

പണത്തില്‍ കുറവുകണ്ട് പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം വെളിപ്പെട്ടത്. ഇന്‍സ്റ്റാഗ്രാം വഴി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ട അജ്മല്‍ വിവാഹ വാഗ്ദാനം നല്‍കി. പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പനങ്ങാട് എസ്.ഐ ഹരികുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അജ്മലിനെ കണ്ണൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
