സ്വര്‍ണ്ണ കടത്ത്: അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധം; നയതന്ത്ര ബാഗേജ് അല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ ഉപദേശിച്ചു: സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഇങ്ങിനെ

  • Post category:news
  • Reading time:2 mins read
You are currently viewing സ്വര്‍ണ്ണ കടത്ത്: അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധം; നയതന്ത്ര ബാഗേജ് അല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ ഉപദേശിച്ചു: സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഇങ്ങിനെ

ജനം ടി.വി മേധാവിയായ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധമുണ്ടെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ . സ്വർണക്കടത്ത് പിടിക്കപ്പെട്ട അന്ന് അനിൽ നമ്പ്യാർ തന്നെ വിളിച്ചു. സ്വർണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന പ്രസ്താവന കോൺസുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് അനിൽ ആവശ്യപ്പെട്ടുവെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് കൊടുത്ത മൊഴിയിൽ പറയുന്നു.

അറ്റ്ലസ് രാമചന്ദ്രൻ ദുബായിൽ ജയിലായ സമയത്താണ് അനിൽ നമ്പ്യാരുമായി പരിചയപ്പെടുന്നതെന്ന് സ്വപ്ന സുരേഷ് പറയുന്നു. ദുബായിൽ ഒരു വഞ്ചനാക്കേസ് നിലനിൽക്കുന്നതിനാൽ അറസ്റ്റ് ഭയന്ന് അനിൽ നമ്പ്യാർക്ക് ഇവിടേക്ക് വരാൻ സാധിക്കുമാരുന്നില്ല. ഈ സാഹചര്യത്തിൽ അനിൽ നമ്പ്യാർ സരിത്തിനെ വിളിച്ചിരുന്നു. സരിത്ത് തന്നെ വിളിക്കുകയും വിഷയം താൻ വഴി കോൺസുലേറ്റ് ജനറലിന് മുമ്പിലെത്തിക്കുകയുമായിരുന്നു.

കോൺസുലേറ്റ് ജനറലാണ് ദുബായിലെ തന്‍റെ സ്വാധീനം ഉപയോഗിച്ച് അനിൽ നമ്പ്യാർക്ക് വേണ്ടി പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കിയത്. ഇതിന്‍റെ നന്ദി അറിയിക്കാനായി 2018-ൽ താജ് ഹോട്ടലിൽ വെച്ച് അനിൽ നമ്പ്യാർ തനിക്ക് അത്താഴവിരുന്ന് നൽകിയെന്നും ഒരുമിച്ച് മദ്യം കഴിച്ചുവെന്നും സ്വപ്ന പറയുന്നു.

ഇന്ത്യയിലെ യു.എ.ഇയുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ആരായുകയും ബി.ജെ.പിക്ക് വേണ്ടി കോൺസുലേറ്റിന്‍റെ പിന്തുണ ലഭിക്കാൻ അനിൽ സഹായം ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല അനിൽ നമ്പ്യാരുടെ സുഹൃത്തിന്‍റെ സ്ഥാപനമായ നവീൻ ടൈൽസിന്‍റെ ഉദ്ഘാടനത്തിനായി കോൺസുലേറ്റ് ജനറലിനെ എത്തിക്കാനാകുമോയെന്നും ആരാഞ്ഞിരുന്നു. അക്കാര്യം ശരിയാക്കി കൊടുക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

തുടർന്ന് ഞങ്ങൾ വീണ്ടും കാണുന്നത് നവീൻ ടൈൽസിന്‍റെ ഉദ്ഘാടന വേളയിലാണ്. കോൺസുലേറ്റ് ജനറലിന് എന്ത് സമ്മാനമാണ് നൽകേണ്ടതെന്ന് അനിൽ നമ്പ്യാർ ആരാഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം ഉദ്ഘാടന ചടങ്ങിൽ വെച്ച് ആപ്പിളിന്‍റെ മാക് ബുക്ക് സമ്മാനമായി നൽകി. ഇതിന് ശേഷം ഇടയ്ക്കൊക്കെ അനിൽ നമ്പ്യാർ സൗഹൃദം പുതുക്കുന്നതിന് വേണ്ടി വിളിക്കാറുണ്ടായിരുന്നുവെന്നും സ്വപ്ന നൽകിയ മൊഴിയിൽ പറയുന്നു.

അങ്ങനെയിരിക്കെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടിയ സംഭവം വരുന്നത്. തുടർന്ന് ദുബായിൽ നിന്ന് കോൺസുലേറ്റ് ജനറൽ വിളിച്ച് വാർത്തകൾ അധികം പുറത്തുവരാതിരിക്കാൻ വേണ്ടത് ചെയ്യാൻ നിർദ്ദേശിച്ചു. എന്നാൽ ഞാൻ നിസ്സഹായ ആയിരുന്നു. ഇതിനിടെയാണ് അനിൽ നമ്പ്യാർ തന്നെ വിളിക്കുന്നത്. സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന പ്രസ്താവന കോൺസുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനിൽ നമ്പ്യാർ വിളിച്ചത്. ടി.വിയിൽ വാർത്തകൾ വരുന്നത് കണ്ടാണ് ഇങ്ങനെ വിളിച്ചതെന്നാണ് അനിൽ നമ്പ്യാർ തന്നോട് പറഞ്ഞത്.

അനിൽ നമ്പ്യാർ പറഞ്ഞ വിവരം കോൺസുലേറ്റ് ജനറലിനെ അറിയിച്ചു. പ്രസ്താവന എഴുതി തയ്യാറാക്കി നൽകാൻ അനിൽ നമ്പ്യാരോട് ആവശ്യപ്പെടാൻ കോൺസുലേറ്റ് ജനറൽ നിർദ്ദേശിച്ചു. ഇക്കാര്യം അനിലിനെ അറിയിക്കുകയും അദ്ദേഹം അക്കാര്യം സമ്മതിക്കുകയും ചെയ്തെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.
ഇന്നലെ അഞ്ച് മണിക്കൂറാണ് കസ്റ്റംസ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്.

0Shares