
കാസർകോട്: ഒരു ജനത എങ്ങനെ ചരിത്രം രചിക്കുന്നവരാകും എന്നതിൻ്റെ ദൃഷ്ടാന്തമാണ് ടീം ബേഡകത്തിൻ്റെ പ്രവര്‍ത്തനങ്ങളെന്നും ദീര്‍ഘകാലത്തെ ദിശാബോധമുള്ള പദ്ധതികളാണ് ഇതിലൂടെ യാഥാര്‍ഥ്യമാകുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്, ബേഡഡുക്ക സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിലുള്ള ടീം ബേഡകം കുടുംബശ്രീ ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യുസേഴ്സ് കമ്പനിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ബേഡകത്തിന് സാധിക്കുന്ന സംഘശക്തിയുടെ വിളംബരമാണിത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആദ്യമേ ടീം ബേഡകം കമ്പനി രജിസ്റ്റര്‍ ചെയ്തു. സ്ത്രീ മുന്നേറ്റത്തിലൂടെ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഒരു കമ്പനി വേറെ ഇല്ല. നിലവില്‍ കമ്പനി 28 ഏക്കര്‍ സ്ഥലം വാങ്ങി വിവിധങ്ങളായ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതില്‍ ഒതുങ്ങരുതെന്നും സാധിക്കുന്ന എല്ലാ ഭൂമിയിലും കൃഷി ചെയ്യണമെന്നും അതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കണമെന്നും മന്ത്രി പറഞ്ഞു.

തൊഴിലില്ലായ്മ പരിഹരിക്കുകയെന്നത് സര്‍ക്കാരിൻ്റെ ലക്ഷ്യമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ ഇങ്ങനെയുള്ള കമ്പനികള്‍ വരുമ്പോള്‍ മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടീം ബേഡകം കമ്പനി എം.ഡി. പ്രസന്ന മുന്നാട്, സി.ഇ.ഒ ശിവന്‍ ചൂരിക്കോട് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.മുരളി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, എ.ഡി.എം.സി സി.എച്ച്.ഇഖ്ബാല്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഇ.പത്മാവതി എന്നിവര്‍ വിശിഷ്ടാതിഥികളായി.
ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി.വരദരാജ്, ലതാ ഗോപി, പി.വസന്തകുമാരി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത്കുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ഡോ.പ്രവീണ്‍.എന്‍.എം, ഡോ.അഖില്‍ശ്യാം, പ്രകാശന്‍ പാലായി, ഡി.ഹരിദാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.അനന്തന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല്, ബാലകൃഷ്ണന്‍ കൊല്ലംപണ, ഉദയന്‍ ചെമ്പക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം.ഗുലാബി നന്ദിയും പറഞ്ഞു.
