കാസര്‍കോട് ജില്ലയിലെ ക്ഷേമ പെന്‍ഷനുകള്‍ കോവിഡില്‍ കുരുങ്ങില്ല; കര്‍മ്മ നിരതരായി ട്രഷറി ജീവനക്കാര്‍

  • Post category:local news / news
  • Reading time:2 mins read
You are currently viewing കാസര്‍കോട് ജില്ലയിലെ ക്ഷേമ പെന്‍ഷനുകള്‍ കോവിഡില്‍ കുരുങ്ങില്ല; കര്‍മ്മ നിരതരായി ട്രഷറി ജീവനക്കാര്‍

കാസര്‍കോട് : കോവിഡ് 19 നും ലോക് ഡൗണുമൊന്നും ജില്ലയിലെ ട്രഷറി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. മാര്‍ച്ച് 23ന് സമ്പൂര്‍ണ ലോക്ഡൗണിലേക്ക് സംസ്ഥാനം നീങ്ങിയപ്പോഴും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അണുവിടതെറ്റാതെ പ്രാവര്‍ത്തികമാക്കാന്‍ ട്രഷറി ജീവനക്കാര്‍ ശ്രമിച്ചു. ധനമന്ത്രി പ്രഖ്യാപിച്ച മാര്‍ച്ച് 27 ന് കൃത്യമായി രണ്ട് മാസത്തെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുക സഹകരണ ബാങ്കുകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് കാസര്‍കോട് ജില്ലാ ട്രഷറിയിലെ ജീവനക്കാര്‍.

മാര്‍ച്ച് 31 വരെസബ് ട്രഷറികള്‍ പ്രവര്‍ത്തി നടത്താതിരുന്നതിനാല്‍ മുഴുവന്‍ തുകയും നല്‍കിയത് ജില്ലാ ട്രഷറിയില്‍ നിന്നുമായിരുന്നു. 27ന് ഉച്ചയ്ക്ക് ഒന്നിന് തന്നെ 8.75 കോടി രൂപ വിവിധ സഹകരണ ബാങ്കുകളിലേക്കായി എത്തി കഴിഞ്ഞിരുന്നു. അഞ്ച് മാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഏപ്രില്‍ എട്ട് മുതല്‍ വിതരണം ചെയ്യണമെന്നിരിക്കെ അതിനായുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണ് ജീവനക്കാര്‍. സാമ്പത്തിക വര്‍ഷാരംഭത്തിന്‍റെ തിരക്കുകള്‍ക്കൊപ്പം പകര്‍ച്ചവ്യാധികൂടി ആയപ്പോള്‍ ജോലിഭാരം ഇരട്ടിച്ചെങ്കിലും സേവനം ഉറപ്പുനല്‍കുന്നതില്‍ ട്രഷറി ജീവനക്കാര്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ല.

വാഹന സൗകര്യത്തിന്‍റെ അഭാവമോ, സ്ഥല പരിമിതിയോ കാര്യമാക്കാതെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സേവനത്തില്‍ കര്‍മ്മ നിരതരാണിവര്‍. വാര്‍ധക്യ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങിയവയുടെ ഏപ്രില്‍ മാസത്തെ വര്‍ധിപ്പിച്ച പെന്‍ഷന്‍ തുകയടക്കം അഞ്ച് മാസത്തെ പെന്‍ഷന്‍ തുകയായി 6100 രൂപയാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ മുന്‍കൂട്ടി ലഭിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

35 സ്റ്റാഫുകള്‍ ജോലി നോക്കി വരുന്ന ജില്ലാ ട്രഷറിയിലെ ജോലിക്കാരെ മൂന്ന് ഷിഫ്റ്റുകളാക്കി തിരിച്ചാണ് നിലവില്‍ ട്രഷറി പ്രവര്‍ത്തനം നടന്നു വരുന്നത്. ഈ കൂട്ടത്തില്‍ ആറ് പേര്‍ സ്ഥിരമായി ഓഫീസിലെത്തി സേവനം ഉറപ്പ് നല്‍കുന്നുണ്ട്. സാധാരണ ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ച് മണിവരെ പ്രവര്‍ത്തിക്കുന്ന ട്രഷറികള്‍ കോവിഡ് 19 സാഹചര്യത്തില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിച്ചു വരികയാണ്.

പെന്‍ഷന്‍ വിതരണം ആരംഭിക്കുന്ന ഏപ്രില്‍ രണ്ടാം തീയ്യതി സാധാരണ രീതിയില്‍ 400-450വരെ ആളുകള്‍ എത്താറുള്ള സാഹചര്യം കണക്കിലെടുത്ത് കോവിഡ് 19 പശ്ചാത്തലത്തില്‍ പെന്‍ഷണേഴ്സ് സംഘടനകളുമായി ആലോചിച്ച് എടുത്ത തീരുമാന പ്രകാരമാണ് പെന്‍ഷന്‍ വിതരണം നടന്നത്. 20 പേരെ പ്രതിനിധീകരിച്ച് ഒരാള്‍ എന്ന കണക്കില്‍ ആളുകള്‍ ട്രഷറിയില്‍ എത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം അക്ഷരാര്‍ത്ഥത്തില്‍ ഫലം കണ്ടെന്ന് ജില്ലാ ട്രഷറി സൂപ്രണ്ട് ഒ.ടി ഗഫൂര്‍ പറഞ്ഞു.

0Shares