ലോക്ക്ഡൌണില്‍ നടക്കുന്നത് പോലീസ് രാജ്: പോലീസിന് മാസ്‌കുകള്‍ വിതരണം ചെയ്ത് മടങ്ങിയ പൊതുപ്രവര്‍ത്തകനായ യുവാവിന് പോലീസിന്‍റെ തന്നെ ക്രൂരമര്‍ദ്ദനം

  • Post category:local news / news
  • Reading time:1 min read
You are currently viewing ലോക്ക്ഡൌണില്‍ നടക്കുന്നത് പോലീസ് രാജ്: പോലീസിന് മാസ്‌കുകള്‍ വിതരണം ചെയ്ത് മടങ്ങിയ പൊതുപ്രവര്‍ത്തകനായ യുവാവിന് പോലീസിന്‍റെ തന്നെ ക്രൂരമര്‍ദ്ദനം

കൊറോണ വൈറസ് വ്യാപനത്തിനെതിരെ നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യമാകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവില്‍ കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസിന്‍റെ ജനങ്ങളോടുള്ള ബലപ്രയോഗത്തിന്‍റെ വാര്‍ത്തകള്‍ ആണ് ഓരോ ദിവസവും പുറത്തുവന്നിരുന്നത്. ഇവിടെ കാസര്‍കോട് നിന്നാണ് ഇപ്പോള്‍ അവസാനമായി അത്തരത്തില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പോലീസിനെ സഹായിച്ച ആള്‍ക്ക് തന്നെയാണ് ഇവിടെ മര്‍ദ്ദനമേറ്റത് എന്ന പ്രത്യേകതയും ഉണ്ട്.

ജില്ലയുടെ പോലീസ് ആസ്ഥാനത്ത് പോലീസുകാര്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്ത് മടങ്ങിയ സന്നദ്ധപ്രവര്‍ത്തകന്‍ കൂടിയായ കാസര്‍കോട് ഉദുമ ബേവൂരി സ്വദേശിയും ബേവൂരി സി.പി.എം ബ്രാഞ്ചംഗവും സന്നദ്ധപ്രവര്‍ത്തകനുമായ അമോഷ് കെ. അഭിമന്യൂവാ(29)ണ് പോലീസിന്‍റെ മര്‍ദ്ദനത്തിനിരയായത്. ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിനടുത്തുള്ള റോഡില്‍ വച്ചാണ് സംഭവം.

തന്‍റെ കൈവശമുള്ള മാസ്ക്കുകള്‍ ബേക്കല്‍ സ്റ്റേഷനില്‍ പോലീസുകാര്‍ക്ക് നല്‍കിയിരുന്നു. ആ സമയം എ.എഎസ്.ഐ ജില്ലാ പോലിസ് ഹെഡ് ക്വാട്ടേഴ്‌സില്‍ 200 മാസ്‌കുകള്‍ വിതരണം ചെയ്യാനാകുമോയെന്ന് അമോഷിനോട് ചോദിച്ചതിനെ തുടര്‍ന്ന് സമ്മതിച്ച അമോഷ് ഉടന്‍ കാസര്‍കോട്ടെ ജില്ലാ പോലീസ് ആസ്ഥാനത്തെത്തി 200 മാസ്‌കുകള്‍ ജില്ലാ പോലീസ് ചീഫ് പി.എസ് സാബുവിന് നേരിട്ട് കൈമാറുകയും ചെയ്തു. അവിടെ നിന്നും തിരിച്ച് രോഗികള്‍ക്കുള്ള മരുന്നുമായി നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടേയാണ് ബേവൂരില്‍ വച്ച് പോലീസ് ബൈക്കിന് കൈ കാട്ടിയത്.

വാഹനത്തില്‍ നിന്നും ഇറങ്ങിയ സി.ഐ നാരായണന്‍റെ നേതൃത്വത്തിലുള്ള പോലീസ് കാര്യമൊന്നും ചോദിക്കാതെ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്ന് അമോഷ് പറയുന്നു. പിന്നീട് വാളണ്ടിയര്‍ പാസ് കാണിച്ചപ്പോള്‍ പോയ്ക്കോളാന്‍ പറയുകയായിരുന്നു. ഉദുമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണ്‍ പരിപാടിയുടെ വളണ്ടിയറും കാസര്‍കോട് ജനറലാശുപത്രിയിലെ ഹെല്‍പ് ഡ്‌സ്‌ക് വളണ്ടിയറുമായ അമോഷ് സി.പി.എം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയും ഉദുമ നിയോജകമണ്ഡലം മുന്‍ എം.എല്‍.എയുമായിരുന്ന കെ.വി കുഞ്ഞിരാമന്‍റെ സഹോദരിയുടെ മകനാണ്.

0Shares