പ്രധാനമന്ത്രിയുടെ ലോക്ക് ഡൌണ്‍ നിര്‍ദേശം ലംഘിച്ച് കെ സുരേന്ദ്രന്‍; യാത്ര ചെയ്തത് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രിയുടെ ലോക്ക് ഡൌണ്‍ നിര്‍ദേശം ലംഘിച്ച് കെ സുരേന്ദ്രന്‍; യാത്ര ചെയ്തത് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക്

ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍. എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം നിലനില്‍ക്കെയാണ്‌ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് സുരേന്ദ്രന്‍ യാത്ര നടത്തിയത്‌.ഡി.ജി.പിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്നാണ് സുരേന്ദ്രന്‍ അവകാശപ്പെടുന്നത്.

അതേസമയം, സേവാ ഭാരതിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരില്‍ യാത്രാ പെര്‍മിറ്റ് സംഘടിപ്പിച്ച വാഹനത്തിലായിരുന്നു യാത്ര നടത്തിയതെന്നാണ് സപെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച വിവരം. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ മുതല്‍ കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കെ.സുരേന്ദ്രന്‍ കോഴിക്കോട് ഉള്ള്യേരിയിലെ വസതിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരത്ത് എത്തി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു. എങ്ങനെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്തി എന്ന് പലരും ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വിശദീകരണം നല്‍കിയത്.

തിരുവനന്തപുരത്ത് അദ്ദേഹം തന്‍റെ ഔദ്യോഗിക ചുമതലകള്‍ ചെയ്ത് തീര്‍ക്കുന്നതിന് വേണ്ടിയാണ് എത്തിയത്. ഇതിനായി കേന്ദ്ര നേതൃത്വത്തെയടക്കം ഇക്കാര്യം ധരിപ്പിച്ചിരുന്നുവെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.ലോക്ക്ഡൗണ്‍ കാലയളവില്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നിരിക്കെ ഇതെല്ലാം അട്ടിമറിച്ച് കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്യുകയായിരുന്നു കെ. സുരേന്ദ്രന്‍.

ഡി.ജി.പിയുടെ അറിവോടെ എസ്പി നല്‍കിയ അനുമതി പ്രകാരമാണ് യാത്രയെന്നാണ് സുരേന്ദ്രന്‍റെ അവകാശവാദം. തീവ്രബാധിത പ്രദേശമായ കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു കാരണവശാലും മറ്റൊരു ജില്ലയിലേക്ക് പോലീസ് യാത്ര അനുമതി ആര്‍ക്കും നല്‍കുന്നില്ല. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്. തിരുവനന്തപുരത്ത് ചികിത്സക്കെത്താന്‍ പോലും യാത്ര വിലക്ക് കാരണം വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ ബുദ്ധിമുട്ടുമ്പോഴാണ്‌ ഇങ്ങിനെ.

0Shares