സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവ്; ചോദ്യം ചെയ്തുള്ള റിട്ട് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, സർക്കാരിനും ആശുപത്രി ഭരണസമിതിക്കും നോട്ടീസ്

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവ്; ചോദ്യം ചെയ്തുള്ള റിട്ട് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, സർക്കാരിനും ആശുപത്രി ഭരണസമിതിക്കും നോട്ടീസ്

കൊച്ചി / കാസർകോട്: കാഞ്ഞങ്ങാട് സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്നും തുക നൽകാനുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള റിട്ട് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സർക്കാരിനും ആശുപത്രി ഭരണസമിതിക്കും കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചതോടെ പണം സ്വീകരിക്കാനാവില്ല. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ പ്രസിഡണ്ടുമായ അഡ്വ.കെ.ശ്രീകാന്താണ് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.

സി.പി.എം നേതാക്കൾ ചേർന്ന് ആരംഭിച്ച സഹകരണ ആശുപത്രിക്ക് സംഭാവന നൽകാൻ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയത് വിവാദത്തിനിടയാക്കിയിരുന്നു. കാഞ്ഞങ്ങാട് സഹകരണ ആശുപത്രിക്ക് സാമ്പത്തിക സഹായം ആവശ്യമാണെന്നും ബോർഡുകളുടെയോ കൗൺസിലുകളുടെയോ അംഗീകാരത്തോടെ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം തുകയിൽ നിന്നും സംഭാവന നൽകണമെന്നുമാണ് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഉത്തരവിൽ പറയുന്നത്.

സി.പി.എമ്മിൻ്റെ സഹകരണ ആശുപത്രിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പണം നൽകാനുള്ള സർക്കാർ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് ചാനൽ ആർ.ബിയോട് പറഞ്ഞു. സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ അവരുടെ തനത് ഫണ്ട് എന്തിന് നൽകണമെന്നും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയംഭരണ അവകാശങ്ങൾ സംസ്ഥാന സർക്കാർ കവർന്നെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ പാർട്ടി പ്രവർത്തകർക്ക് മാത്രമാണ് അംഗത്വം നൽകുന്നത്. ഇതര രാഷ്ട്രീയ പാർട്ടിക്കാർക്കും പൊതുജനങ്ങൾക്കും ഇതിനകത്ത് യാതൊരു കാര്യവുമില്ല. സഹകരണ സ്ഥാപനത്തിൻ്റെ മറവിൽ ആശുപത്രി കച്ചവടമാണ് പലേടത്തും നടത്തുന്നത്. അങ്ങനെയുള്ള സ്ഥാപനത്തിന് പൊതുജനങ്ങളുടെ ഫണ്ട് എന്തിന് വിനിയോഗിക്കണം.

സർക്കാർ ഉത്തരവുപ്രകാരം സ്ഥാപനങ്ങൾ പണം നൽകുകയാണെങ്കിൽ സുമാർ കോടിക്കണക്കിന് രൂപ ലഭിക്കും. യഥാർത്ഥത്തിൽ നഗരസഭകളും പഞ്ചായത്തുകളും പാർട്ടി ഫണ്ട് നൽകുന്നതിന് തുല്യമാണിത്. ഇത് അംഗീകരിക്കാൻ സാധ്യമല്ല. ഈ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് നിയമ നടപടിക്കൊരുങ്ങിയതെന്നും ശ്രീകാന്ത് ചാനൽ ആർ.ബിയോട് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയും കാഞ്ഞങ്ങാട് നഗരസഭ രണ്ടുകോടിയും കാസർകോട്, നീലേശ്വരം മുനിസിപ്പാലിറ്റികൾ 38 ഗ്രാമപഞ്ചായത്തുകളും ആറ് ബ്ലോക്ക് പഞ്ചായത്തുകളും 50 ലക്ഷം രൂപ വീതവും സംഭാവന നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇങ്ങനെ പണം ലഭിച്ചാൽ 24.5 കോടി രൂപ ആശുപത്രിക്ക് ലഭിക്കും. വിവാദ ഉത്തരവിനെതിരെ ബി.ജെ.പിയും കോൺഗ്രസും ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

0Shares