
കാസർകോട്: ആസാദി കാ അമൃത് മഹോത്സവം ജില്ലാതല ആഘോഷത്തിൻ്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും ചേർന്ന് കാറഡുക്ക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിൽ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനായിരുന്നു ജീവൻ വി.

കൃഷിയും വനവും ചുവപ്പണിഞ്ഞ മലയും ജീവൻ്റെ ക്യാൻവാസിൽ മനോഹരമായി തെളിഞ്ഞു
ഇരിയണ്ണി ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ ജീവൻ വി താരമായത് 2021 ൽ അന്നത്തെ ധനകാര്യ മന്ത്രി ഡോ ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനു ശേഷമാണ്.
മന്ത്രി അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിൻ്റെ കവർ പേജായി ഉപയോഗിച്ചത് ജീവൻ വരച്ച ചിത്രമായിരുന്നു. ജീവൻ്റെ വരകൾ എന്ന ഫേസ്ബുക്ക് പേജിൽ സജീവമായ ജീവൻ്റെ ഫോട്ടോകൾ കണ്ടാണ് മന്ത്രി ആകൃഷ്ടനായത്. വരകളും വർണങ്ങളുമായി ഇപ്പോഴും സജീവമാണ് കുഞ്ഞു ജീവൻ.
