
കാസർകോട്: തദ്ദേശസ്ഥാപനങ്ങൾക്കുള്ള ബഡ്ജറ്റ് വിഹിതം വെട്ടി കുറച്ച കേരളസർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് ജനപ്രതിനിധികൾ നടത്തിയ കലക്ടറേറ്റ് ധാർണ്ണക്ക് കാസർകോട് കലക്ടറുടെ വിലക്ക്. തുടർന്ന് എം.എൽ.എമാർ ഉൾപ്പെടെ.ജനപ്രതിനിധികൾ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കളക്ടറേറ്റ് കവാടത്തിൽ പോലീസ് തടഞ്ഞു. ബി.സി റോഡ് ജംഗ്ഷനിലാണ് ധർണ്ണ നിശ്ചയിച്ചിരുന്നത്. ഇതിനായി പന്തൽ മൈക്ക് സെറ്റ് ഉൾപ്പെടെ സജ്ജീകരിച്ചിരുന്നു. കലക്ടർ നേരിട്ട് പന്തലിൽ എത്തിയാണ് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് അറിയിച്ചത്. സ്കൂളിൻ്റെ പേര് പറഞ്ഞാണ് കലക്ടർ പരിപാടി തടഞ്ഞതെന്ന് ഭാരവാഹികൾ പറഞ്ഞു. എന്നാൽ സമീപമുള്ള സ്കൂളുകൾക്ക് ഇന്നലെ അവധിയായിരുന്നു എന്നത് ഇവർ ചൂണ്ടികാണിക്കുന്നു.
ധർണ്ണക്ക് മുന്നോടിയായിട്ടുള്ള മാർച്ച് നടത്തി പ്രവർത്തകർ പന്തലിൽ എത്തിയപ്പോൾ പോലിസ് തടയുകയായിരുന്നു. ഇതേതുടർന്ന് എം.എൽ.എ മാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപന ജനപ്രതിനിധികൾ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. ഇതേതുടർന്ന് പോലീസും ജനപ്രതിനിധികളും തമ്മിൽ ഏറെനേരം വാക്കേറ്റവും ഉന്തും, തള്ളുമുണ്ടായി. 2023- 24 വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതത്തിൽ 2928 കോടി രൂപയാണ് സർക്കാർ തടഞ്ഞത്. ഇത് മൂലം നടപ്പു വർഷത്തെ ഭൂരിഭാഗം പദ്ധതികളും വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലാണുള്ളത്. സർക്കാറിൻ്റെ ബജറ്റ് വിഹിതം കണക്കാക്കി പദ്ധതി തയ്യാറാക്കി പൂർത്തീകരിച്ച ശേഷം പണം അനുവദിക്കാതിരിക്കുന്ന അസാധാരണ നടപടിയാണ് സർക്കാർ സ്വീകരിച്ചത്. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന്, കഴിഞ്ഞ വർഷം അനുവദിക്കാതിരുന്ന ബജറ്റ് വിഹിതം ഈ വർഷം പ്രത്യേക വിഹിതമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗിന്റെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചത്.

മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദ് ഉദ്ഘാടനം ചെയ്തു. എൽ.ജി.എം.എൽ ജില്ലാ പ്രസിഡണ്ട് വി.കെ.ബാവ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് കമ്പാർ സ്വാഗതം പറഞ്ഞു. സംസ്ഥാന ജന.സെക്രട്ടറി ജനറൽ പി.കെ ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കലട്ര മാഹിൻ ഹാജി ജനറൽ സെക്രട്ടറി എ അബ്ദുറഹിമാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ട്രഷറർ പി.എം. മുനീർഹാജി, എ.കെ.എം അഷ്റഫ് എം.എൽ.എ, അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, അസീസ്മരിക്കെ, ടി.എം. ഇഖ്ബാൽ, അഷ്‌റഫ്കർള, ജലിൽ എരുതുംകടവ്, കെ.എം. ബഷീർ തൊട്ടാൻ, നാസർ ചെർക്കളം, സുഫൈജ അബൂബക്കർ്, ഖാദർ ബദ്രിയ്യ, യുസുഫ് ഹേരൂർ, ജമീല സിദ്ദീഖ്, കലാഭവൻ രാജു, അബ്ബാസ് ബീഗം, ഹമീദ് പോസോളിഗെ, കെ.കെ. ജാഫർ, സെദ്, എ കയ്യാർ, റഹ്മാൻ ആരിക്കാടി, ശംസുദ്ദീൻ തെക്കിൽ, ടി.കെ. സുമയ്യ, സി.കെ. ഇർഷാദ് അജാനൂർ, അസ്‌ലം പടന്ന, പി.സി. ഇസ്മായിൽ പ്രസംഗിച്ചു. ബദ്റുൽ മുനീർ നന്ദി പറഞ്ഞു.
