
ന്യൂഡല്‍ഹി: ബി.ജെ.പി എം.പി ഹര്‍നാഥ് സിംഗ് യാദവ് വെള്ളിയാഴ്‌ച രാജ്യസഭയില്‍ വഖഫ് നിയമം അസാധുവാക്കല്‍ സ്വകാര്യ ബില്ലിന് അവതരണാനുമതി നല്‍കരുത് എന്നാവശ്യപ്പെട്ട് ഇടത് എം.പിമാര്‍ നോട്ടീസ് നല്‍കി.
സി.പി.ഐ(എം) എം.പിമാരായ എളമരം കരീം, ഡോ. വി.ശിവദാസൻ, ഡോ. ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, സി.പി.ഐ എം.പിമാരായ ബിനോയ് വിശ്വം, പി.സന്തോഷ് കുമാര്‍ എന്നിവരാണ് സഭാചട്ടം 67 പ്രകാരം സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ അനുവദിക്കരുത് എന്ന് സഭാധ്യക്ഷൻ ജഗ്‌ദീപ് ധൻകറിനോട് ആവശ്യപ്പെട്ടത്.
1995ലെ വഖഫ് നിയമം പിൻവലിക്കാനുള്ള നിയമ നിര്‍മാണമാണ് ‘ദി വഖഫ് റിപീല്‍ ബില്‍ 2022’. മുസ്ലിം മതവിഭാഗത്തിനെതിരെ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ ബില്ലും.

ഇത്തരമൊരു നിയമനിര്‍മാണം ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ കൊണ്ടുവരുന്ന സ്വകാര്യ ബില്‍ അംഗീകരിക്കാനാവില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നിയമമാണ് വഖഫ് നിയമം.
കേന്ദ്ര വഖഫ് കൗണ്‍സിലും സംസ്ഥാന വഖഫ് ബോര്‍ഡുകളും പ്രവര്‍ത്തിച്ചു വരുന്നതും ഈ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ്. വഖഫ് ട്രിബ്യൂണലിൻ്റെ അധികാര പരിധി, മുതവല്ലിമാരുടെ ചുമതലകള്‍, വഖഫ് ഭരണ സംവിധാനങ്ങളുടെ ധനസഹായം, സര്‍വേകള്‍ നടത്തല്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധികാരം, രേഖകളുടെ പരിപാലനം തുടങ്ങിയവയെ സംബന്ധിച്ച സുപ്രധാന വ്യവസ്ഥകളും നിയമത്തിൻ്റെ ഭാഗമാണ്. മറ്റ് ബദലുകളൊന്നും നിര്‍ദ്ദേശിക്കാതെ അത്തരമൊരു നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്ന ബില്ലിനെ സദുദ്ദേശപരമായി കാണാൻ സാധിക്കില്ല.
ചില നിക്ഷിപ്‌ത താല്‍പ്പര്യങ്ങള്‍ക്കായും രാജ്യത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള നടപടിയായി മാത്രമേ ഈ ബില്ലിനെ കണക്കാക്കാൻ കഴിയൂ. മാത്രമല്ല, മാതൃനിയമത്തിലെ പല വ്യവസ്ഥകളും ബില്ലില്‍ തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വഖഫ് നിയമം അസാധുവാക്കാനുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നല്‍കരുത് എന്ന് ഇടത് എം.പിമാര്‍ ആവശ്യപ്പെട്ടു.
