
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ മനുഷ്യജീവന് വില നൽകാത്ത സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കേന്ദ്രസർക്കാരിന്‍റെ വാക്സിൻ നയം ജനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണ്. ജനങ്ങൾക്ക് ആശ്വാസവും സംരക്ഷണവും നൽകാൻ ബാധ്യതയുള്ള കേന്ദ്രസർക്കാർ സ്വയം ജനങ്ങളെ കയ്യൊഴിയുന്ന നയം സ്വീകരിച്ചത് ഞെട്ടലുളവാക്കുന്നതാണ്.

സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറി എല്ലാ ഭാരവും സംസ്ഥാനങ്ങളുടെ തലയ്ക്കിടുന്നതാണ് പുതിയ വാക്സിൻ നയം. ഇതിനെതിരേ ഏപ്രിൽ 28ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഗ്യഹാങ്കണ സത്യാഗ്രഹം നടത്തുമെന്ന് എ. വിജയരാഘവൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകരും അണികളും ചേർന്ന് സ്വന്തം വീടുകൾക്ക് മുന്നിൽ പ്രതിഷേധിക്കുന്ന രീതിയിലുള്ള പരിപാടിയാണിത്.
‘രാജ്യത്താകെ കോവിഡ് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ രോഗ പ്രതിരോധത്തിനായി എല്ലാവരും ഒന്നിച്ചിറങ്ങേണ്ടതുണ്ട്. വാക്സിനേഷൻ എന്നത് എല്ലാവരുടെയും അവകാശമാണ്. എന്നാൽ ജനങ്ങളെ കൊള്ളയടിക്കാൻ സ്വകാര്യ കോർപറേറ്റ് കമ്പനികൾക്ക് അധികാരം നൽകുന്ന നയമാണ്. ഇത് അങ്ങേയറ്റം ജനവിരുദ്ധമാണ്. മാത്രമല്ല കോവിഡ് വ്യാപനത്തിന് വഴിവെക്കുകയും ചെയ്യും.
ഇതിനെതിരേ കേരളത്തിന്‍റെ പ്രതിഷേധത്തിന്റെ ഭാഗമായി ഇടതു പക്ഷത്തിന്‍റെ നേതൃത്വത്തിൽ ഏപ്രിൽ മാസം 28ന് അവരവരുടെ വീടുകൾക്ക് മുന്നിൽ വൈകുന്നേരം 5 മുതൽ 5.30 വരെ പോസ്റ്ററൊട്ടിച്ച് പ്ലക്കാർഡുയർത്തി പ്രതിഷേധിക്കും. സൗജന്യ വാക്സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്‍റെ നിലപാടിനെതിരായിട്ടുള്ള കേരളത്തിന്‍റെ പ്രതിഷേധം എന്ന നിലയിലാണ് ഈ സമരം ആലോചിക്കുന്നത്’, വിജയരാഘവൻ പറഞ്ഞു.
