
തിരുവനന്തപുരം: മുസ്ലിംലീഗിനെ കടന്നാക്രമിച്ച് സി.പി.ഐ.എം നേതാവ് എ.കെ ബാലൻ. മുസ്ലിംലീഗിനെ എസ്.ഡി. പി.ഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചിയെന്നായിരുന്നു എ.കെ ബാലൻ്റെ ഗുരുതര ആരോപണം. യു.ഡി.എഫ് മത തീവ്രവാദികളുടെ കയ്യിലാണ്. ആർ.എസ്.എസുമായും യു.ഡി.എഫ് ചങ്ങാത്തം ഉണ്ടാക്കിയെന്നും എ.കെ ബാലൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടിങ്ങിലും പ്രചരണത്തിലും പലവിധത്തിൽ ആർ.എസ്.എസുമായി കോൺഗ്രസ് കൂട്ടുകൂടിയെന്നും മറുവശത്ത് മുസ്ലിംലീഗിനെ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചിയെന്നുമാണ് എ.കെ ബാലൻ്റെ ആരോപണം.

തൃശ്ശൂരിൽ കുറെ കോൺഗ്രസുകാർ സുരേഷ് ഗോപിക്ക് വോട്ടുചെയ്‌തു. ഇതിന് പകരം പാലക്കാട് ബി.ജെ.പി വോട്ടുകൾ കോൺഗ്രസിന് നൽകിയെന്നും എ.കെ ബാലൻ ആരോപിച്ചു. ഇക്കാര്യം ബി.ജെ.പി പ്രവർത്തകർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്ത് കളി കളിച്ചാലും എൽ.ഡി.എഫ് മിന്നുന്ന ജയം നേടുമെന്നും എ.കെ ബാലൻ പറഞ്ഞു.
ഷോൺ ജോർജിൻ്റെ എക്‌സാലോജിക് ആരോപണം ശുദ്ധ അസംബന്ധമാണെന്നും എ.കെ ബാലൻ പറഞ്ഞു. ഷോൺ ജോർജ്, പി.സി ജോർജിൻ്റെ പാരമ്പര്യം കാത്തുസൂക്ഷിക്കണം എന്നും അദ്ദേഹം പരിഹസിച്ചു. ഉമ്മൻചാണ്ടിക്കെതിരായ സോളാർ പരാമർശത്തിൽ പി.സി ജോർജ് മാപ്പ് പറഞ്ഞിരുന്നു. പി.സി ജോർജിൻ്റെ മകൻ ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണം. ഷോൺ ജോർജിന് മാപ്പ് പറയേണ്ടി വരുമെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.
