സി.പി.എം ഉയര്‍ത്തുന്ന ഇരവാദം ശരിയല്ല; കസ്റ്റംസ് സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമെന്ന എൽ.ഡി.എഫിന്‍റെ വാദം ബാലിശം: വി. മുരളീധരൻ

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എം ഉയര്‍ത്തുന്ന ഇരവാദം ശരിയല്ല; കസ്റ്റംസ് സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമെന്ന എൽ.ഡി.എഫിന്‍റെ  വാദം ബാലിശം: വി. മുരളീധരൻ

കസ്റ്റംസ് സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതം എന്ന എൽ.ഡി.എഫിന്‍റെ വാദം ബാലിശമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. സി.പി.എം ഉയര്‍ത്തുന്ന ഇരവാദം ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. കൂടാതെ വിനോദിനി ബാലകൃഷ്ണന് നേരെയുള്ള കസ്റ്റംസ് നടപടിയില്‍ സി.പി.എം മറുപടി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. കസ്റ്റംസ് സത്യവാങ്മൂലത്തില്‍ ഒത്തുകളി എന്ന് ചെന്നിത്തല പറഞ്ഞത് അടിസ്ഥാന രഹിതമാണ്.

കസ്റ്റംസ് നിലപാട് പുറത്ത് വിട്ടത് വാർത്ത സമ്മേളനം നടത്തി അല്ല. ഉത്തരവാദിത്തത്തോടെ കോടതിയിലാണ് നൽകിയത്. കസ്റ്റംസിന് ജയിൽ ഡി.ജി.പി കൊടുത്ത റിട്ടിനുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് സമർപ്പിച്ചത്. റിട്ടിനുള്ള മറുപടി ഫയൽ ചെയ്യാൻ കസ്റ്റംസ് നിർബന്ധിതരായി. സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധം കോടതിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കസ്റ്റംസിനുണ്ട്.

സി.പി.എമ്മിന്‍റെ വേട്ടയാടൽ വാദം ശരിയല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതി സത്യമാണോ എന്ന് സി.പി.എം പറയണമെന്ന് മുരളീധരൻ പറഞ്ഞു. കോൺസുൽ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ സംസ്ഥാനം നൽകിയത് കേന്ദ്രം അറിഞ്ഞില്ലെന്നും എല്‍.ഡി.എഫ് മാർച്ച്‌ നടത്തേണ്ടത് എ.കെ.ജി സെന്ററിന് മുന്നിൽ നേതാക്കൾ താമസിക്കുന്ന വീട്ടിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.

വിനോദിനി ബാലകൃഷ്ണന് സന്തോഷ്‌ ഈപ്പൻ ഫോൺ നൽകിയതിൽ സി.പി.എം മറുപടി പറയണമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. അതേസമയം കസ്റ്റംസ് സത്യവാങ്മൂലത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

0Shares