
മധൂര്‍ / കാസർകോട്: വോട്ടേഴ്‌സ് പട്ടികയുമായി ബന്ധപ്പെട്ട് മധൂര്‍ പഞ്ചായത്ത് ഭരണസമിതി അഴിമതി കാട്ടിയതായും കുറ്റക്കാരെ രക്ഷപ്പെടുത്താനാണ് ബി.ജെ.പി ശ്രമം നടത്തുന്നതെന്നും ആരോപിച്ച് എല്‍.ഡി.എഫ്. മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധർണാ സമരം. മധൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി. ധര്‍ണ സി.പി.എം ഏരിയ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്‌തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടർ പട്ടിക പുതുക്കാൻ 2023 ഒക്ടോബറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് മറയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌ത് പകർപ്പ് എടുക്കേണ്ട പ്രവർത്തിയിലാണ് വെട്ടിപ്പ് നടത്തിയത്. കേവലം 50000/- രുപയ്ക്കുള്ളിൽ ചിലവുവരുന്നത് 809000/- രൂപയുടെ അഴിമതി നടത്താൻ ശ്രമിക്കുകയും 617000/- രൂപ തട്ടിയെടുക്കുകയും ചെയ്‌തതായി സമരക്കാർ പറയുന്നു.

പഞ്ചായത്തിൽ റോഡിന് ഇരുവശവും വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കാൻ എന്ന പേരിൽ ഒരുകോടി രൂപയുടെ പ്രോജക്ട് ഭരണസമിതിയിൽ ചർച്ച ചെയ്യാതെ ഡി.പി.സി അംഗീകാരം നേടിയെടുക്കാനുള്ള ശ്രമവും നടന്നു. ഇതിന് പിറകിൽ വൻ അഴിമതിയാണ് ലക്ഷ്യമിട്ടത്. കഴിഞ്ഞ ഭരണ സമിതി യോഗത്തിൽ ഈ വിഷയങ്ങൾ എൽ.ഡി.എഫ് അംഗകൾ ഉയർത്തികൊണ്ടു വരികയും, വിഷയം അജണ്ടയായി വെച്ച് പ്രത്യേക യോഗം ചേരാൻ തീരുമാനമാവുകയും ചെയ്‌തു.
ചില കളങ്കിതരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഫണ്ട് തട്ടിയെടുക്കാനുള്ള ബി.ജെ.പി ഭരണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് എതിരെയാണ് എൽ.ഡി.എഫ് ധാർണാ സമരം സംഘടിപ്പിച്ചത്. എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അംഗം ഭുജംഗ ഷെട്ടി അധ്യക്ഷത വഹിച്ചു. എം.കെ രവീന്ദ്രന്‍ അബ്ദുല്‍ ജലീല്‍, നസീറ മജീദ്, സി.എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ഉദയന്‍ മധൂര്‍ സ്വാഗതം പറഞ്ഞു. ഉളിയത്തടക്ക ഐ.എ.ഡി. ജംഗ്ഷനില്‍ നിന്ന് പ്രകടനവും നടന്നു.
