
കോട്ടയം: സി.ജെ.എം കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെതിരെ പരസ്യമായി മോശം പദപ്രയോഗങ്ങള്‍ നടത്തി അഭിഭാഷകര്‍. ഇതുസംബന്ധിച്ച് ജില്ലാ ജഡ്‌ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മോശം പരാമര്‍ശം നടത്തി പ്രതിഷേധിച്ച അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടിക്ക് സാദ്ധ്യതയുണ്ട്.
കോട്ടയം കോടതി കോംപ്ലക്സിലായിരുന്നു പ്രതിഷേധ പ്രകടനം. ‘പോ പുല്ലേ, പോടീ പുല്ലേ… പോടീ പുല്ലേ സി.ജെ.എമ്മേ…’, ‘ആളിക്കത്തിപ്പടരും തീയില്‍ സി.ജെ.എം തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ മുഴക്കിയത്.

വ്യാജരേഖ ചമച്ചുവെന്ന അഭിഭാഷകൻ എം.പി നവാബിനെതിരെ നടപടിയെടുത്തതായിരുന്നു പ്രതിഷേധത്തിന് ഇടയാക്കിയത്. മജിസ്ട്രേറ്റിൻ്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം ഈസ്റ്റ് പൊലീസാണ് അഭിഭാഷകനെതിരെ കേസെടുത്തത്.
തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന മണര്‍കാട് സ്വദേശി രമേശൻ എന്നയാള്‍ക്ക് ജാമ്യം ലഭിക്കാനായി കരമടച്ച രസീത് ഉള്‍പ്പടെയുള്ള വ്യാജരേഖകള്‍ നവാബ് ഹാജരാക്കിയെന്നായിരുന്നു കേസ്. അഭിഭാഷകനെ പ്രതിയാക്കിയ നടപടി അംഗീകരിക്കാൻ ആവില്ലെന്നാണ് ബാര്‍ അസോസിയേഷൻ ജില്ലാ മജിസ്ട്രേറ്റിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
